'പഴയ വട്ട് ഇപ്പോൾ ഡിപ്രഷൻ..'; ആ വാക്കുകളിൽ പുലിവാല് പിടിച്ച് നടി കൃഷ്ണപ്രഭ; രൂക്ഷ വിമർശനവുമായി സാനിയ അയ്യപ്പൻ ഉൾപ്പടെ രംഗത്ത്

Update: 2025-10-12 16:52 GMT

മാനസികാരോഗ്യത്തെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ വിവാദ പരാമർശം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി. 'പണിയില്ലാത്തവർക്ക് വരുന്നതാണ് ഡിപ്രഷൻ, അതൊക്കെ പഴയ വട്ട് തന്നെയാണ്' എന്നായിരുന്നു അഭിമുഖത്തിൽ അവർ പ്രതികരിച്ചത്. ഈ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തി.

കൃഷ്ണപ്രഭയുടെ പ്രസ്താവനയ്ക്കെതിരെ നടി സാനിയ അയ്യപ്പനും പ്രതികരിച്ചു. ഒരു സൈക്കോളജിസ്റ്റ് പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയർ ചെയ്തുകൊണ്ടാണ് സാനിയയുടെ വിമർശനം. 'ആരൊക്കെയോ പറയുന്ന കേൾക്കുന്നു, അവർ ഓവർ തിങ്കിംഗ് ആണ്, ഡിപ്രഷൻ വരുന്നു എന്നൊക്കെ. ഇത് പുതിയ വാക്കുകളാണ്. ഞങ്ങൾ കളിയാക്കി പറയും, പണ്ടത്തെ വട്ട് തന്നെയാണ് ഇപ്പോൾ പുതിയ പേരിട്ട് വിളിക്കുന്നുവെന്നേയുള്ളൂ. ഇതൊക്കെ വരാൻ കാരണം പണിയില്ലാത്തതുകൊണ്ടാണ്.' - എന്നായിരുന്നു കൃഷ്ണപ്രഭയുടെ പരാമർശം.

മാനസികാരോഗ്യ വിഷയങ്ങളിൽ സമൂഹത്തിൽ അവബോധം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പരാമർശങ്ങൾ തികച്ചും അപക്വവും വേദനാജനകവുമാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഒരു വ്യക്തിക്ക് ഡിപ്രഷൻ, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് കേവലം മടി കൊണ്ടോ ഒഴിവു സമയം കൊണ്ടോ മാത്രമല്ലെന്നും, ഇതിന് സാമ്പത്തിക, കുടുംബ, ജീവിതശൈലി, ജനിതക കാരണങ്ങളുമുണ്ടെന്ന് സാനിയ പങ്കുവെച്ച വീഡിയോയിൽ വിശദീകരിക്കുന്നു. ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് മുൻപ് അവയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News