'ഓവർ തിങ്കിങ്, ഡിപ്രഷൻ, മൂഡ് സ്വിങ്സ്, പഴയ വട്ട് തന്നെ'; കൈയ്യിൽ വന്ന സിനിമകളൊക്കെ നഷ്ടമായപ്പോൾ നിർത്തി നിർത്തി കരഞ്ഞു; മാനസിക സംഘർഷങ്ങളെ മറികടന്നതിങ്ങനെ; തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ

Update: 2025-10-06 13:09 GMT

തിരുവനന്തപുരം: സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതും അവസാന നിമിഷം ഉറപ്പിച്ച വേഷങ്ങൾ നഷ്ടപ്പെട്ടതും തന്നെ കരയിപ്പിച്ചിട്ടുണ്ടെന്ന് നടി കൃഷ്ണ പ്രഭ. എന്നാൽ, വെറുതെയിരിക്കാതെ എപ്പോഴും എന്തെങ്കിലും ജോലികളിൽ മുഴുകുന്നതിനാൽ ഇത്തരം മാനസിക സംഘർഷങ്ങളെ മറികടക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണ പ്രഭ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

'കൈയ്യിൽ വന്ന സിനിമകളൊക്കെ പോയപ്പോൾ ആദ്യമൊക്കെ ഞാൻ കരഞ്ഞിട്ടുണ്ട്. അവസാന നിമിഷം വേഷങ്ങൾ ഉറപ്പിച്ചിട്ട് പോലും നഷ്ടപ്പെട്ടിട്ടുണ്ട്. അപ്പോൾ ഒരാഴ്ചയോളം നിർത്തി നിർത്തി കരഞ്ഞിട്ടുണ്ട്. എന്നാൽ, പിന്നീട് വരാനുള്ളത് നമുക്ക് തന്നെ വരുമെന്ന് മനസ്സിലായി. ഞാൻ ചെയ്ത പല സിനിമകളിലെയും കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ എനിക്ക് ചേർന്നതായിരുന്നില്ല,' കൃഷ്ണ പ്രഭ പറഞ്ഞു.

'എന്നെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പോലും വെറുതെയിരിക്കാൻ സമയമില്ല. രാവിലെ എഴുന്നേറ്റ് പാട്ട് പ്രാക്ടീസ് ചെയ്യും, അതു കഴിയുമ്പോൾ അടുത്ത പാട്ട് പരിശീലിക്കും. ഇപ്പോൾ പലരും പറയുന്ന കേൾക്കാം 'ഓവർ തിങ്കിങ്', 'ഭയങ്കര ഡിപ്രഷൻ', 'മൂഡ് സ്വിങ്സ്' എന്നൊക്കെയുള്ള വാക്കുകൾ. ഞങ്ങളുടെ കാലത്ത് ഇതൊക്കെ വെറും 'വട്ട്' ആയിരുന്നു, ഇപ്പോൾ അതിന് പുതിയ പേരുകൾ വന്നിരിക്കുന്നു. ഈ അവസ്ഥകളൊക്കെ വരാൻ കാരണം മറ്റ് ജോലികളൊന്നും ഇല്ലാത്തതുകൊണ്ടാണെന്ന് എനിക്ക് തോന്നുന്നു. എപ്പോഴും തിരക്കോടെയിരുന്നാൽ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാം,' കൃഷ്ണ പ്രഭ കൂട്ടിച്ചേർത്തു.

Tags:    

Similar News