ബാഹുബലി പോലെ ഒരു സിനിമ ആയിരിക്കുമെന്നാണ് ആളുകള്‍ കരുതിയത്; അതായിരിക്കാം ആ സിനിമ ആളുകളില്‍ അത്ര വര്‍ക്കാവാതിരുന്നതിന്റെ കാരണം; മലൈക്കോട്ടൈ വാലിബനെ കുറിച്ച് തരുണ്‍ മൂര്‍ത്തി
ബാഹുബലി പോലെ ഒരു സിനിമ ആയിരിക്കുമെന്നാണ് ആളുകള്‍ കരുതിയത്
കൊച്ചി: വന്‍ ഹൈപ്പോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച അത്ര വിജയം തിയറ്ററുകളില്‍ നേടാന്‍ ചിത്രത്തിന് ആയില്ല. ഈ ചിത്രം പരാജയപ്പെടാന് ഉണ്ടായ കാരണം പറയുകയാണ് തുടരും സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
ബാഹുബലി പോലൊരു സിനിമ വരാന്‍ പോകുന്നുവെന്ന തരത്തില്‍ സിനിമയ്ക്ക് മാര്‍ക്കറ്റിങ് ലഭിച്ചുവെന്നും ഇതാണ് സിനിമയുടെ പരാജയത്തിന് കരണമായതെന്നുമാണ് തരുണ്‍ മൂര്‍ത്തി പറയുന്നത്. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തരുണിന്റെ പ്രതികരണം.
'മാര്‍ക്കറ്റിങ് ഒരു സിനിമയ്ക്ക് അത്യാവശ്യമാണ്. ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങുമ്പോള്‍ മുതല്‍ സിനിമയെ ആളുകള്‍ പ്രതീക്ഷിക്കും. മലൈക്കോട്ടൈ വാലിബന്‍ സിനിമയുടെ പ്രൊമോഷന്‍ അത്രയേറെ വലിയ രീതിയില്‍ ആയിരുന്നു നടന്നത്. ബാഹുബലി പോലൊരു സിനിമ വരാന്‍ പോകുന്നുവെന്നാണ് പ്രേക്ഷകര്‍ കരുതിയത്.
അതായിരിക്കാം ആ സിനിമ ആളുകളില്‍ അത്ര വര്‍ക്കാവാതിരുന്നതിന്റെ കാരണം. പക്ഷെ, വ്യക്തിപരമായി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് അത്. ഞാന്‍ ആ സിനിമ കണ്ട് ലിജോ ചേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു. ആ സിനിമയുടെ വേള്‍ഡിലേക്ക് ലാലേട്ടനെ കൊണ്ടുവന്നത് എനിക്ക് ഏറെ ഇഷ്ടമായി. പക്ഷെ അതിന്റെ മാര്‍ക്കറ്റിങ് സ്ട്രാറ്റജി വേറെ രീതിയിലായിരുന്നു'- തരുണ്‍ മൂര്‍ത്തി പറഞ്ഞു.
അതേസമയം ഒട്ടും ഹൈപ്പിലാതെ എത്തിയ മോഹന്‍ലാല്‍ നായകനായ തരുണ്‍ മൂര്‍ത്തി ചിത്രം തുടരും തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.