'മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട് എന്നീ ഐക്കണുകളുടെ സിനിമ കണ്ട് വളര്‍ന്നയാളാണ് ഞാന്‍; അറിഞ്ഞും അറിയാതെയും സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയവര്‍'; ഹൃദയപൂര്‍വ്വം സെറ്റില്‍ ജോയിന്‍ ചെയ്ത് മാളവിക
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിലുത്തുന്ന ഹൃദയപൂര്‍വ്വം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് നടി മാളവിക മോഹനന്‍. മാളവിക തന്നെയാണ് സെറ്റില്‍ ജോയിന്‍ ചെയ്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
'എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളില്‍ ഒന്നാണ് ഇത്. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട് എന്നീ ഐക്കണുകള്‍ക്കൊപ്പം ഒരു സിനിമയുടെ ഭാഗമാവുക എന്നത് സ്വപ്‌നതുല്യമായ കാര്യമാണ്. മോഹന്‍ലാലിന്റെയും സത്യന്‍ അന്തിക്കാടിന്റെയും സിനിമകള്‍ കണ്ടു വളര്‍ന്നയാളാണ് താന്‍. സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അറിഞ്ഞും അറിയാതെയും രൂപപ്പെടുത്തിയത് ഇവരാണെന്ന്' മാളവിക കുറിച്ചു.
2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണിത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിസ്റ്റിയാണ് മാളവിക മോഹനന്റേതായി ഒടുവിലെത്തിയ മലയാള ചിത്രം.