ഗ്രില്ലില്‍ മുഖം അമര്‍ത്തി നിന്ന് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; അന്ന് വെറും 20 വയസ് പ്രായം; എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു; പ്രതികരിച്ചാല്‍ അകത്തേക്ക് വരുമോ എന്ന് പേടിയും; എല്ലാ പെണ്‍കുട്ടികള്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകും: മാളവിക മോഹന്‍
തുടര്‍ച്ചയായി ബിഗ് ബജറ്റ് സിനിമകളില്‍ സജീവമായിരിക്കുകയാണ് നടി മാളവിക മോഹന്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന ഹൃദയപൂര്‍വം, കാര്‍ത്തി ചിത്രമായ സര്‍ദാര്‍ 2, പ്രശാന്ത് നായകനായ രാജാസാബ് തുടങ്ങി നിരവധി പ്രതീക്ഷയോടെയുള്ള പദ്ധതികളിലാണ് താരം.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക തന്റെ ജീവിതത്തിലെ ചില യാഥാര്‍ഥ്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ യാത്രക്കിടെ തനിക്ക് ഉണ്ടായ ഒരു ദുരനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഒരു അജ്ഞാതന്‍ മോശമായി പെരുമാറിയതായാണ് മാളവികയുടെ വെളിപ്പെടുത്തല്‍.
'മുംബൈ സ്ത്രീകള്‍ക്ക് സുരക്ഷിതമാണെന്ന് ആളുകള്‍ പലപ്പോഴും പറയാറുണ്ട്, എന്നാല്‍ ആ ധാരണ തെറ്റാണ്. ഇന്ന് എനിക്ക് സ്വന്തമായി ഒരു കാറും ഡ്രൈവറുമുണ്ട്. അതുകൊണ്ട് മുംബൈ സുരക്ഷിതമാണോ എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍, ഞാന്‍ ചിലപ്പോള്‍ അതെ എന്ന് പറഞ്ഞേക്കാം. പക്ഷേ, കോളജില്‍ പഠിക്കുമ്പോഴും ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്തിരുന്നപ്പോഴും എനിക്ക് സുരക്ഷിതത്വം തോന്നിയിരുന്നില്ല.
പലപ്പോഴും ഭാഗ്യം കൊണ്ടാണ് പലതില്‍ നിന്നും രക്ഷപ്പെടുന്നത്. യാത്ര ചെയ്യുക എന്ന് പറയുന്നത് തന്നെ ഒരു റിസ്‌ക് ആയിരുന്നു'.- മാളവിക പറഞ്ഞു. 'ഒരിക്കല്‍ ഞാനും എന്റെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളും കൂടി ഒരു ലോക്കല്‍ ട്രെയിനില്‍ തിരിച്ചു വരികയായിരുന്നു. രാത്രി 9.30 ആയി എന്ന് തോന്നുന്നു. ലോക്കല്‍ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റിലായിരുന്നു ഞങ്ങള്‍.
അപ്പോള്‍ കംപാര്‍ട്ടുമെന്റില്‍ ആരും ഉണ്ടായിരുന്നില്ല, ഞങ്ങള്‍ മൂന്നു പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിന്‍ഡോ ഗ്രില്ലിനടുത്തായിരുന്നു ഞങ്ങള്‍ ഇരുന്നത്. ഒരാള്‍ ഞങ്ങള്‍ ഇരിക്കുന്നതിന് അടുത്തേക്ക് വന്നു. എന്നിട്ട് ആ ഗ്രില്ലില്‍ മുഖം അമര്‍ത്തി നിന്ന് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു. കുറച്ചു നേരത്തേക്ക് ഞങ്ങള്‍ മൂന്ന് പേരും മരവിച്ചിരുന്നു പോയി. അന്ന് ഞങ്ങള്‍ക്ക് 19 - 20 വയസ് വരും.
ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കണമെന്ന് അന്ന് അറിയില്ലായിരുന്നു. എന്തെങ്കിലും പ്രതികരിച്ചാല്‍ അയാള്‍ അകത്തേക്ക് വരുമോ എന്ന പേടിയും ഉണ്ടായി. അടുത്ത സ്റ്റേഷന്‍ എത്താനാണെങ്കില്‍ 10 മിനിറ്റും എടുക്കും. എല്ലാ പെണ്‍കുട്ടികള്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകും. ഒരു സ്ഥലവും പൂര്‍ണമായും സുരക്ഷിതമാണെന്ന് തോന്നുന്നില്ല.'' മാളവിക പറഞ്ഞു.