'രണ്ട് ഹൃദയങ്ങള്‍ വീണ്ടും ഒന്നിക്കുന്നു..'; സോഷ്യൽ മീഡിയയിൽ തിളങ്ങി മമിതാ ബൈജുവും അഖിലാ ഭാര്‍ഗവനും; ഷൂട്ടിനിടെയുള്ള ചിത്രങ്ങൾ വൈറൽ; പ്രേമലു 2 ഉടനെ കാണുമോയെന്ന് ആരാധകർ
കഴിഞ്ഞവര്‍ഷം മലയാളികള്‍ ഏറ്റവും കൂടുതൽ ആഘോഷിച്ച സിനിമയായിരുന്നു പ്രേമലു. നസ്ലിനും മമിതയും ഒന്നിച്ച ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അഖിലാ ഭാര്‍ഗവനായിരുന്നു. മമിതയുടെ ഉറ്റ സുഹൃത്തായാണ് അഖില ചിത്രത്തില്‍ വേഷമിട്ടത്.
പ്രേമലുവിലെ റീനുവിനേയും കാര്‍ത്തികയേയും പോലെ യഥാര്‍ഥ ജീവിതത്തിലും മമിതാ ബൈജുവും അഖിലാ ഭാര്‍ഗവനും 'ചങ്ക് ബ്രോസ്' ആണ്. ഇപ്പോഴിതാ, ഒരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അഖില ഇപ്പോള്‍.
ഒരു പരസ്യചിത്രത്തിലാണ് മമിതയും അഖിലയും വീണ്ടും ഒന്നിക്കുന്നത്. ഷൂട്ടിങ്ങിനിടെ ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി ചിത്രങ്ങള്‍ അഖിലാ ഭാര്‍ഗവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മമിതാ ബൈജുവിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള പോസ്റ്റിന് താഴ് മമിത കമന്റ് ചെയ്തിട്ടുണ്ട്. രണ്ട് കൂട്ടുകാരികള്‍ വീണ്ടും ഒന്നിച്ചതിനെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഒരുലക്ഷത്തിലേറെ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.