'എന്നെ ആരും പഴയതാക്കരുത്, ഞാനും ഈ തലമുറയുടെ ഭാഗം'; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി; 'കളങ്കാവിൽ' ബോക്സ് ഓഫീസ് തൂക്കുമോയെന്ന ചോദ്യത്തിന് തൂക്കാനെന്താ കട്ടിയാണോയെന്നും മാസ് മറുപടി

Update: 2025-11-03 15:17 GMT

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സന്തോഷം പങ്കുവെച്ച് മെഗാസ്റ്റാർ മമ്മൂട്ടി. പുരസ്കാരം നേടിയ എല്ലാ സഹപ്രവർത്തകർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു. പുതിയ തലമുറയാണ് ഇത്തവണ പുരസ്കാരങ്ങൾ ഏറെയും നേടിയതെന്ന ചോദ്യത്തിന്, 'ഞാനും ഈ തലമുറയുടെ ഭാഗം തന്നെയാണ്, എന്നെ ആരും പഴയതാക്കരുത്' എന്ന രസകരമായ മറുപടിയാണ് മമ്മൂട്ടി നൽകിയത്. സിനിമ ചെയ്യുന്നതിൻ്റെ പിന്നിൽ പുരസ്കാര പ്രതീക്ഷകളില്ലെന്നും, മികച്ച കഥാപാത്രങ്ങളും കഥകളുമാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഒരു യാത്രയാണെന്നും, ഈ യാത്രയിൽ തന്നോടൊപ്പം നിൽക്കുന്ന എല്ലാവരെയും ചേർത്തുപിടിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

'കളങ്കാവിൽ' എന്ന റിലീസിനൊരുങ്ങുന്ന ചിത്രം ബോക്സ് ഓഫീസ് തൂക്കുമോ എന്ന ചോദ്യത്തിനും താരം തമാശയോടെ പ്രതികരിച്ചു. 'തൂക്കാനെന്താ കട്ടിയാണോ?' എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. 'ഭ്രമയുഗ'ത്തിൽ കൊടുംകാട്ടിലെ ദുഷ്ടശക്തിയായ 'കൊടുമൺ പോറ്റി'യെ അവതരിപ്പിച്ചതിലൂടെ വിസ്മയം സൃഷ്ടിച്ചാണ് അദ്ദേഹം പുരസ്കാരം നേടിയത്. ഓരോ സിനിമയും തനിക്ക് സ്വയം പുതുക്കാനുള്ള വേദിയാണെന്ന് മമ്മൂട്ടി പറഞ്ഞു.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ റെക്കോഡും മമ്മൂട്ടിയുടെ പേരിലാണ്. 1981ൽ 'അഹിംസ' എന്ന ചിത്രത്തിലൂടെയാണ് ആദ്യ പുരസ്കാരം നേടിയത്. പിന്നീട് 'അടിയൊഴുക്കുകൾ', 'യാത്ര', 'നിറക്കൂട്ട്', 'ഒരു വടക്കൻ വീരഗാഥ', 'മൃഗയ', 'വിധേയൻ', 'പൊന്തൻമാട', 'കാഴ്ച', 'പാലേരി മാണിക്യം', 'നൻപകൽ നേരത്ത് മയക്കം', 'ഭ്രമയുഗം' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം പുരസ്കാരങ്ങൾ വാരിക്കൂട്ടി. മലയാളസിനിമയുടെ മുഖമായി അൻപത് വർഷം പൂർത്തിയാക്കിയ മമ്മൂട്ടിയെ, 'പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്' പോലെയാണെന്ന് വിശേഷിപ്പിക്കുന്നു. 'ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും' എന്ന് തൻ്റെ അഭിനയത്തെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്.

Tags:    

Similar News