'ഷൂട്ട് കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ചെറിയ ചെവി വേദന; എംആര്‍ഐ എടുത്ത് നോക്കിയപ്പോള്‍ ചെറിയ അസുഖം; തൊണ്ടയുടെ അറ്റത്ത് നാവിന്റെ അടിയിലായി ക്യാന്‍സര്‍; 30 റേഡിയേഷനും അഞ്ച് കീമോയും; 16 കിലോ കുറഞ്ഞു'; മണിയന്‍പിള്ള രാജു
ചെവിവേദനയില്‍ നിന്നുതുടങ്ങി ജീവിതം മാറ്റിമറിച്ച അനുഭവം... കാന്‍സറിനെ അതിജീവിച്ചുവെന്ന തന്റെ അനുഭവം ആദ്യമായി വെളിപ്പെടുത്തി പ്രമുഖ നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. കൊച്ചിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് താരം തന്റെ ആരോഗ്യസംബന്ധമായ വെളിപ്പെടുത്തല്‍ നടത്തിയത്.
മാരകരോഗം തന്നെയെന്ന് എംആര്‍ഐ സ്‌കാന്‍ വഴി സ്ഥിരീകരിച്ചയളവിലാണ് രോഗത്തെ നേരിടാനുള്ള ശക്തി നേടിയതെന്നും, ഇന്ന് താനൊരു കാന്‍സര്‍ സര്‍വൈവറായിരിക്കുകയാണെന്നുമാണ് മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം. തന്റെ അനുഭവം മറ്റുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
''കാന്‍സര്‍ ചെറിയ അസുഖമാണെന്ന് എനിക്ക് മനസിലായി. കഴിഞ്ഞ വര്‍ഷമായിരുന്നു എനിക്ക് കാന്‍സര്‍ വന്നത്. തുടരും സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് 'ഭഭബ്ബ'യുടെ ഷൂട്ടിങ്ങിന് പോയി തിരിച്ചു വന്നപ്പോള്‍ ചെവി വേദന ഉണ്ടായി. അങ്ങനെ എംആര്‍ഐ എടുത്ത് നോക്കിയപ്പോള്‍ ചെറിയ അസുഖം, തൊണ്ടയുടെ അറ്റത്ത് നാവിന്റെ അടിയിലായി.''
''30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. സെപ്റ്റംബറില്‍ ട്രീറ്റമെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നും ഇല്ല. 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നും ഇല്ല'' എന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞത്. അതേസമയം, അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ചിത്രത്തിലും മെലിഞ്ഞ രൂപത്തിലായിരുന്നു മണിയന്‍പിള്ളയെ കണ്ടത്.
അതിന് പിന്നാലെ അച്ഛന് കാന്‍സര്‍ ആയിരുന്നു എന്നു വെളിപ്പെടുത്തി മകനും നടനുമായ നിരഞ്ജ് രംഗത്തെത്തിയിരുന്നു. അച്ഛന് കാന്‍സര്‍ ആയിരുന്നു. തൊണ്ടയിലായിരുന്നു അര്‍ബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോള്‍ സ്വാഭാവികമായി തൈറോഡില്‍ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ് എന്നായിരുന്നു നിരഞ്ജ് വ്യക്തമാക്കിയത്.