'തുടക്കത്തിൽ ചെവി വേദനയായിരുന്നു; പിന്നെ എം.ആർ.ഐ എടുത്തുപോയാണ് എല്ലാം അറിയുന്നത്; സർജറി ചെയ്ത് ഭക്ഷണം ഇറക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു'; തുറന്നുപറഞ്ഞ് നടൻ മണിയൻപിള്ള രാജു
തിരുവനന്തപുരം: പ്രമുഖ നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു താൻ കാൻസറിനെ അതിജീവിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് ചെവി വേദനയായിരുന്നു പ്രധാന ബുദ്ധിമുട്ടെന്ന് അദ്ദേഹം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
തുടക്കത്തിൽ ചെവി വേദനയെത്തുടർന്ന് ഇ.എൻ.ടി ഡോക്ടർമാരെ സമീപിച്ചപ്പോൾ, പല്ലിൻ്റെ പ്രശ്നമാകാം കാരണമെന്ന് നിർദ്ദേശിക്കുകയും ചികിത്സിക്കുകയും ചെയ്തു. എന്നാൽ വേദന മാറാതായതോടെ, മകൻ്റെ നിർബന്ധപ്രകാരം എം.ആർ.ഐ സ്കാൻ നടത്തുകയായിരുന്നു. എം.ആർ.ഐ സ്കാനിന് തനിക്ക് ഭയമുണ്ടായിരുന്നെങ്കിലും, സ്കാനിലൂടെയാണ് രോഗം കണ്ടെത്താൻ കഴിഞ്ഞതെന്ന് രാജു പറഞ്ഞു.
അഞ്ച് കീമോതെറാപ്പിയും 30 റേഡിയേഷനും അദ്ദേഹം സ്വീകരിച്ചു. റേഡിയേഷൻ സമയത്ത് ഓണക്കാലം പരിഗണിച്ച് ഡോക്ടറോട് റേഡിയേഷൻ്റെ എണ്ണം കുറയ്ക്കാൻ അഭ്യർത്ഥിച്ചതായും അദ്ദേഹം ഓർമ്മിച്ചു. ചികിത്സയുടെ ഭാഗമായി 82 കിലോയിൽ നിന്ന് 16 കിലോ ശരീരഭാരം കുറഞ്ഞു. ശസ്ത്രക്രിയയെത്തുടർന്ന് ഭക്ഷണം ഇറക്കാൻ വളരെയധികം ബുദ്ധിമുട്ട് നേരിട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
മോഹൻലാൽ നായകനായ 'തുടരും' ആണ് അദ്ദേഹത്തിൻ്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന 'ഭ ഭ ഭ' എന്ന ചിത്രത്തിലും മണിയൻപിള്ള രാജു പ്രധാന വേഷത്തിലെത്തുന്നുണ്ട്.