'14 വര്‍ഷത്തെ സ്‌കൂള്‍ ജീവിതം അവസാനിപ്പിച്ച് എന്റെ ബെര്‍ണാച്ചന്‍ പുറത്തേക്ക്; ഒരു അമ്മ എന്ന നിലയില്‍ സന്തോഷവും അഭിമാനവും; ഓപ്പറേഷന്റെ മരവിപ്പില്‍ കണ്ട നനഞ്ഞ കുഞ്ഞു മുഖം'; വൈകാരിക കുറിപ്പുമായി മഞ്ജു പത്രോസ്
മകന്റെ സ്‌കൂള്‍ ജീവിതം പൂര്‍ത്തിയാകുന്ന നിമിഷത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടി മഞ്ജു പത്രോസ്. അമ്മയെന്ന നിലയില്‍ ഏറെ സന്തോഷവും അഭിമാനവുമുള്ള നിമിഷമാണിത് എന്നാണ് മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു കുറിച്ചിരിക്കുന്നത്.
'14 വര്‍ഷത്തെ സ്‌കൂള്‍ ജീവിതം അവസാനിപ്പിച്ച് എന്റെ ബെര്‍ണാച്ചന്‍ പുറത്തേക്ക്. ഒരു അമ്മ എന്ന നിലയില്‍ സന്തോഷവും അഭിമാനവും. ഓപ്പറേഷന്റെ മരവിപ്പില്‍ കണ്ട നനഞ്ഞ കുഞ്ഞു മുഖം. സ്നേഹം മാത്രം ബെര്‍ണാച്ചു'' മഞ്ജു സുനിച്ചന്റെ വാക്കുകള്‍. സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മഞ്ജു പത്രോസ്.
അതേസമയം, അടുത്തിടെ മകനോട് ഗേ ആണോ എന്ന് ചോദിച്ചതിനെ കുറിച്ച് മഞ്ജു സംസാരിച്ചിരുന്നു. 'ഞാന്‍ എന്റെ മോനോട് പറഞ്ഞിട്ടുണ്ട്. നിനക്ക് എന്തെങ്കിലും സംശയമോ, കാര്യങ്ങളോ വന്നാല്‍ അമ്മയോട് നീ പറയണമെന്ന്. നീ അതിനെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കരുത്. ഞാന്‍ ഹെല്‍പ്പ് ചെയ്യാം എന്ന് മോനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു സമയത്ത് ഒരു കൂട്ടുകാരനുമായുള്ള അടുപ്പം കണ്ട് ഇനി ഇവന്‍ ഗേ ആകുമോ എന്നോര്‍ത്ത് ഞാന്‍ ചോദിച്ചിട്ടുണ്ട്.''
''എന്റെ മോനെ അംഗീകരിക്കാതിരിക്കാന്‍ എനിക്ക് ആകില്ലല്ലോ. ഞാന്‍ അവനോട് ഇത് ചോദിച്ചതും അവന്‍ ഒരു ചിരി തുടങ്ങി. അവന്‍ അപ്പോള്‍ തന്നെ അവന്റെ കൂട്ടുകാരനോടും ഇത് വിളിച്ചു പറഞ്ഞു. അതൊന്നും ഒരിക്കലും തെറ്റല്ല. ഒരു ജനിതകമാറ്റം ആണ്. അതൊരിക്കലും വൈകല്യം അല്ല. രോഗവും അല്ല. അതിനെ ആ രീതിയില്‍ കണ്ടാല്‍ പോരെ'' എന്നായിരുന്നു മഞ്ജു പത്രോസ് പറയുന്നത്.