'രണ്ടുപേരും ഒട്ടും ഹാപ്പി അല്ലായിരുന്നു; അങ്ങനെ ജീവിച്ച് തീർത്തിട്ട് ഒരു കാര്യവുമില്ല; അവരുടെ ഡിവോഴ്‌സിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ഞാന്‍ തന്നെ..'; മനസ്സ് തുറന്ന് ദയ സുജിത്
കൊച്ചി: നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത് വാസുദേവന്റെയും വിവാഹമോചനത്തെ ഏറ്റവും കൂടുതൽ പിന്തുണച്ചത് തങ്ങളാണെന്ന് അവരുടെ മകൾ ദയ സുജിത്. ബന്ധത്തിൽ ഇരുവർക്കും സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, അതിനാൽ വേർപിരിയുന്നതിനെ എതിർത്തവരോട് എന്തിനാണ് അവരെ ഒരുമിച്ച് തുടരാൻ നിർബന്ധിക്കുന്നതെന്ന് ചോദിച്ചതായും ദയ വെളിപ്പെടുത്തി.
രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് ദയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. "അവർ പിരിയുകയാണെന്ന് എന്നോട് വന്നുപറഞ്ഞു. അപ്പോൾ അവരെ ഏറ്റവും കൂടുതൽ പിന്തുണച്ച വ്യക്തി ഞാനായിരുന്നു. മറ്റാരെക്കാളും അവർക്ക് വിവാഹമോചനം വേണമെന്ന് കരുതിയത് ഞാനാണ്. സമൂഹം പലതും പറയും, അമ്മ സ്ത്രീ ആയതുകൊണ്ട് കൂടുതൽ കുറ്റപ്പെടുത്തലുകൾ ഉണ്ടാകുമെന്നൊക്കെ ആളുകൾ പറഞ്ഞു. എന്നാൽ, അവർ രണ്ടുപേരും സന്തുഷ്ടരായിരുന്നില്ല. എന്തിനാണ് അവരെ ഒരുമിച്ച് തുടരാൻ നിർബന്ധിക്കുന്നത്?" ദയ ചോദിച്ചു.
"അവർ സ്വയം ഇല്ലാതായിക്കൊണ്ടിരിക്കുന്നതുപോലെ എനിക്ക് തോന്നി. അത് കാണാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. വിവാഹമോചനത്തിലൂടെ അവർ സന്തോഷവതികളാണെങ്കിൽ അത് നല്ലതാണെന്ന് തോന്നി. ഞാൻ പൂർണ്ണമായും അവരെ പിന്തുണച്ചു. ആളുകൾ പറയുന്നത് കാര്യമായി എടുക്കരുതെന്ന് ഞാൻ പറഞ്ഞു," ദയ കൂട്ടിച്ചേർത്തു.