'നിങ്ങളുടെ സ്നേഹത്തിന് നന്ദി..'; ജന്മദിനത്തിൽ കിമോണോ അണിഞ്ഞ് മഞ്ജു വാരിയർ; വൈറലായി ജപ്പാനിൽ നിന്നുള്ള ചിത്രങ്ങൾ
കൊച്ചി: ജന്മദിനത്തിൽ ജപ്പാനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ. പരമ്പരാഗത ജാപ്പനീസ് വസ്ത്രമായ കിമോണോ ധരിച്ചാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ജാപ്പനീസ് തെരുവുകളിലൂടെയും മധുരപലഹാര കടകൾക്ക് മുന്നിലുമെത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ ആരാധകശ്രദ്ധ നേടുകയാണ്. ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ച് കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് മഞ്ജുവിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയത്. പ്രിയാമണി, സൗബിൻ ഷാഹിർ, ആര്യ ബഡായി, ദീപ്തി സതി തുടങ്ങിയ സിനിമാ താരങ്ങളും മഞ്ജുവിന് ആശംസകളറിയിച്ചിട്ടുണ്ട്. ചിത്രങ്ങളിൽ മഞ്ജുവിന്റെ വേഷവിധാനങ്ങളെയും ആരാധകർ പ്രശംസിക്കുന്നുണ്ട്.
'എല്ലായിടത്തുനിന്നും ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ സ്നേഹത്തിന് നന്ദി. ചെറിയ കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും അതിനിടയിലുള്ള കാര്യങ്ങൾക്കും, എല്ലാത്തിനും എനിക്കൊരുപാട് നന്ദി പറയാനുണ്ട്. നന്ദി, ഈ യാത്രയ്ക്കും സന്തോഷത്തിനും ശക്തിക്കും. സ്നേഹവും നന്ദിയും,' നടി കുറിച്ചു. ജപ്പാനിലെ അനുഭവങ്ങളും കാഴ്ചകളും പങ്കുവെച്ചുകൊണ്ടാണ് മഞ്ജു തന്റെ സന്തോഷം പ്രകടിപ്പിച്ചത്.