'ധനുഷിന്റെ ടീമിലെ അംഗമാണ്, സ്ക്രിപ്റ്റ് ഉണ്ട്, അഭിനയിക്കാൻ തയ്യാറാണോ?'; നായകനുമായി ഒരു കമ്മിറ്റ്മെന്റ് വേണം; എന്തൊക്കെയാണ് ഡിമാന്റുകൾ?; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി നടി മന്യ
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് നടി മന്യ ആനന്ദിന്റെ തുറന്നുപറച്ചിൽ. തമിഴ് നടൻ ധനുഷിന്റെ മാനേജരാണെന്ന് അവകാശപ്പെട്ട് വിളിച്ചയാൾ തന്നോട് 'അഡ്ജസ്റ്റ്മെന്റുകൾ' ആവശ്യപ്പെട്ടു എന്ന മന്യയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തമിഴ് സീരിയൽ രംഗത്തും സിനിമകളിലും ശ്രദ്ധേയയായ മന്യ തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. ഈ അനുഭവം കാരണം ധനുഷ് ചിത്രത്തിൽ ലഭിച്ച ഒരു അവസരം താൻ വേണ്ടെന്ന് വെച്ചതായും താരം വ്യക്തമാക്കി. സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ് മന്യയുടെ വെളിപ്പെടുത്തൽ.
'ശ്രേയസ്' എന്ന് പരിചയപ്പെടുത്തിയ ഒരു വ്യക്തിയാണ് താനുമായി ആദ്യം ബന്ധപ്പെട്ടതെന്നും, ധനുഷിന്റെ ടീമിലെ അംഗമാണെന്ന് ഇയാൾ അവകാശപ്പെട്ടെന്നും മന്യ പറയുന്നു. ഒരു പുതിയ സിനിമയുടെ കഥാപാത്രത്തിനായി മന്യയെ പരിഗണിക്കുന്നുണ്ടെന്നും, കഥാപാത്രത്തെക്കുറിച്ച് വിശദമാക്കിയ ശേഷം മന്യയുടെ ഡിമാന്റുകൾ എന്തൊക്കെയാണെന്നും ഇയാൾ ചോദിച്ചു. അമിതമായ ഗ്ലാമർ രംഗങ്ങളോ പ്രണയരംഗങ്ങളോ ഉണ്ടെങ്കിൽ അഭിനയിക്കാൻ ബുദ്ധിമുട്ടാണ് എന്ന് മന്യ മറുപടി നൽകി. കഥാപാത്രത്തിന് പ്രാധാന്യം നൽകിയാണ് താൻ സിനിമകൾ തിരഞ്ഞെടുക്കുന്നത് എന്നും മന്യ വ്യക്തമാക്കി.
എന്നാൽ ഇതിന് മറുപടിയായി വിളിച്ചയാൾ ചോദിച്ചത് ഞെട്ടിക്കുന്ന ചോദ്യമായിരുന്നു. "ഇതൊരു ധനുഷ് ചിത്രമാണെങ്കിൽ പോലും നിങ്ങൾ 'അഡ്ജസ്റ്റ്മെന്റ്' ചെയ്യില്ലേ?" എന്നായിരുന്നു ചോദ്യം. സിനിമയിൽ അവസരം ലഭിക്കുന്നതിന് പുറമെ നായകനുമായി ഒരു 'കമ്മിറ്റ്മെന്റ്' ഉണ്ടായിരിക്കണം എന്നും ഇയാൾ ആവശ്യപ്പെട്ടു. കാസ്റ്റിങ് കൗച്ച് ആവശ്യങ്ങൾ വ്യക്തമായതോടെ ഈ ഓഫർ തൽക്ഷണം നിരസിച്ചതായി മന്യ വെളിപ്പെടുത്തി. താൻ ആ ഓഫർ നിരസിക്കുകയും സംസാരം നിർത്തുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞപ്പോൾ ധനുഷിന്റെ മാനേജരാണെന്ന് പറഞ്ഞ് മറ്റൊരാൾ തന്നെ ബന്ധപ്പെട്ടെന്നും താൻ നേരത്തെ അയച്ച സ്ക്രിപ്റ്റ് ലഭിച്ചോ എന്ന് ചോദിച്ചെന്നും മന്യ കൂട്ടിച്ചേർത്തു. എന്നാൽ, അങ്ങനെ ഒരു സ്ക്രിപ്റ്റും തനിക്ക് ലഭിച്ചിരുന്നില്ല. വിളിച്ചവർ യഥാർത്ഥത്തിൽ ധനുഷിന്റെ മാനേജർമാർ തന്നെയാണോ അതോ തട്ടിപ്പുകാരാണോ എന്ന് തനിക്കിപ്പോഴും അറിയില്ലെന്നും മന്യ പറയുന്നു. താൻ ഈ അനുഭവം ഒരു സഹനടനുമായി പങ്കുവെച്ചപ്പോൾ, ധനുഷിന്റെ അറിവില്ലാതെയാകാം ഇങ്ങനെയുള്ള തട്ടിപ്പുകൾ നടക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടതെന്നും മന്യ കൂട്ടിച്ചേർത്തു.
ഇത് വ്യാജമാണെങ്കിൽ അതിന്റെ സത്യം പുറത്തുവരണം എന്നും തന്റെ വെളിപ്പെടുത്തൽ അതിന് സഹായകമാകുമെന്ന് കരുതുന്നു എന്നും മന്യ ആനന്ദ് ആവശ്യപ്പെട്ടു. അതേസമയം, നടി മന്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ധനുഷിന്റെ മാനേജർ ശ്രേയസ് മാസങ്ങൾക്ക് മുൻപ് തന്നെ തന്റെ പേര് ഉപയോഗിച്ച് ചിലർ തട്ടിപ്പ് നടത്തുന്നുണ്ട് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ചിലർ ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ട് തന്നെ മന്യയെ വിളിച്ചത് തട്ടിപ്പുകാരായിരിക്കാനാണ് സാധ്യത എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സിനിമാ ലോകത്തെ ഇത്തരം ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്താൻ മന്യ കാണിച്ച ധൈര്യത്തെ നിരവധിപേർ അഭിനന്ദിക്കുന്നുണ്ട്. പ്രമുഖ താരങ്ങളുടെ പേര് ഉപയോഗിച്ച് പോലും തട്ടിപ്പുകളും ചൂഷണങ്ങളും നടക്കുന്നത് മേഖലയുടെ ഗൗരവമായ പ്രശ്നമായി മാറുകയാണ്. സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നാണ് സിനിമാ പ്രേമികളുടെ ആവശ്യം.
