'പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണോ?'; ഒരു ഷിംജിതയെ കണ്ടപ്പോൾ ഇത്രത്തോളം പേടിക്കുന്നു; അപ്പോൾ ആയിരം ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്തുചെയ്യണം?; പ്രതികരിച്ച് മസ്താനി
കൊച്ചി: ബസിൽ ലൈംഗികാതിക്രമം നടന്നുവെന്ന് ആരോപിച്ച് യുവതി പ്രചരിപ്പിച്ച വീഡിയോ വൈറലായതോതിനെ തുടർന്ന് ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി അവതാരകയും ബിഗ് ബോസ് താരവുമായ മസ്താനി. എല്ലാ സ്ത്രീകളും ഷിംജിതമാരല്ലെന്നും ഒരു ഷിംജിതയോ അക്സ കെ റെജിയോ വരുമ്പോൾ ഇത്രത്തോളം ഭയപ്പെടുന്നുവെങ്കിൽ ആയിരം ഗോവിന്ദച്ചാമിമാരെ പേടിച്ച് സ്ത്രീകൾ എന്തുചെയ്യണമെന്നും അവർ ചോദിച്ചു.
സമകാലീന വിഷയങ്ങളിൽ അഭിപ്രായം പറയുന്ന കൂട്ടത്തിൽപ്പെട്ട ആളല്ല താനെങ്കിലും, ഈ വിഷയം സംസാരിക്കണമെന്ന് തോന്നിയെന്ന് മസ്താനി തന്റെ വീഡിയോയിൽ വ്യക്തമാക്കി. ദീപക്കിന് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും അതിന് കാരണക്കാരിയായ ഷിംജിതയെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ത്രീകൾക്കെതിരെയുള്ള ധാരാളം വീഡിയോകളും മീമുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി മസ്താനി ചൂണ്ടിക്കാട്ടി. "എല്ലാ സ്ത്രീകളെയും ഞങ്ങൾ പേടിക്കുന്നു, എല്ലാ സ്ത്രീകളും ഇങ്ങനെയാണ്, സ്ത്രീകൾക്ക് ബസിൽ പ്രവേശനമില്ല, സ്ത്രീകളുടെ കൂടെ യാത്ര ചെയ്യില്ല, എല്ലാ സ്ത്രീകളും ഷിംജിതമാരാണ്" എന്നൊക്കെയുള്ള പ്രചാരണങ്ങൾ കാണുമ്പോൾ ആശങ്ക തോന്നുന്നുവെന്നും അവർ പറഞ്ഞു.
ഒരുപാട് സ്ത്രീകൾ ചൂഷണങ്ങളും പീഡനങ്ങളും അനുഭവിച്ചിട്ടുണ്ടെന്നും മരണപ്പെട്ടിട്ടുണ്ടെന്നും ഓർമ്മിപ്പിച്ച മസ്താനി, പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണെന്ന് സ്ത്രീകൾ ആരും പറഞ്ഞിട്ടില്ലെന്നും, ഒരു ഷിംജിതയോ അക്സ കെ റെജിയോ ഒക്കെ വരുമ്പോൾ ഇത്രത്തോളം പേടിക്കുന്നുണ്ടെങ്കിൽ ആയിരം ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്തുചെയ്യണമെന്നും ചോദിക്കുന്നു. താനുൾപ്പെടെ ഈ വീഡിയോ കാണുന്ന സ്ത്രീകൾക്കും അവരുടെ വീടുകളിലുള്ള സ്ത്രീകൾക്കും ജീവിതത്തിൽ ഒരു തവണയെങ്കിലും പുരുഷനിൽനിന്ന് അനുഭവിച്ച ചൂഷണത്തിന്റെ ഒരു കഥയെങ്കിലും പറയാനുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.