ഒരു വീഡിയോ എടുക്കാന്‍ വരുമ്പോ മിനിമം നല്ല ക്യാമറ എങ്കിലും കൊണ്ടുവരണ്ടേ?; ഒരേ വീഡിയോയില്‍ നിന്നും വ്യത്യസ്തമായ കണ്ടന്റ് ഉണ്ടാകുവാന്‍ ട്രോളന്‍മാര്‍ കഷ്ടപ്പെടുന്നു; പോട്ടെ സാരമില്ല; കൂടുതല്‍ ട്രോള്‍ ഉണ്ടാക്കാന്‍ പരിപാടിയിലെ കുറച്ച് ഭാഗങ്ങള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ട്; റോയല്‍റ്റി ഒന്നും ഞാന്‍ ചോദിക്കുന്നില്ല; പരിഹാസവുമായി മിയ

നൃത്തം ചെയ്ത വീഡിയോ വൈറലായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലുണ്ടായ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും നടി മിയ ജോര്‍ജ് തന്റേതായ ശൈലിയില്‍ മറുപടി നല്‍കി. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് നടി ട്രോളുകള്‍ക്ക് മറുപടി നല്‍കിയത്.
'രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന പരിപാടിയിലേതായി അവസാനത്തെ അഞ്ചു മിനിറ്റിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അത് കൊണ്ടു മാത്രമാണ് ഈ തിരിച്ചടികള്‍,' എന്ന് മിയ കുറിച്ചു. ട്രോളുകള്‍ ഉണ്ടാക്കുകയും അതിന്റെ പേരില്‍ കാഴ്ച പിടിക്കുകയുമുള്ളവരെക്കുറിച്ച് പറഞ്ഞ്, 'വില്‍ക്കാന്‍ റോയല്‍റ്റി ഒന്നും ചോദിക്കില്ല,' എന്നായിരുന്നു മിയയുടെ പരിഹാസത്തിലൂടെയുള്ള പ്രതികരണം.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പിനൊപ്പം നൃത്തപരിപാടിയുടെ വീഡിയോയും മിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'രണ്ട് മണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം കവര്‍ ചെയ്യാന്‍ വന്ന മീഡിയക്കാരുടെ ഒക്കെ ക്യാമറകള്‍ കേട് വന്നതിനാല്‍ അവര്‍ക്ക് അവസാന അഞ്ച് മിനിറ്റ് മാത്രമേ ക്യാമറയില്‍ കിട്ടിയുള്ളൂ എന്ന് തോന്നുന്നു. ഒരു പരിപാടി കവര്‍ ചെയ്യാന്‍ വരുമ്പൊ മിനിമം റെക്കോര്‍ഡിങ് വര്‍ക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ.
ട്രോളന്മാര്‍ കഷ്ടപ്പെടുക ആണ് ഒരേവീഡിയോയില്‍ നിന്നും വ്യത്യസ്തമായ കണ്ടന്റ് ഉണ്ടാകുവാന്‍. പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാന്‍ പരിപാടിയിലെ കുറച്ച് ഭാഗങ്ങള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതല്‍ കൂടുതല്‍ ഊര്‍ജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു ട്രോളുകള്‍ ഉണ്ടാക്കുക വില്‍ക്കുക.. റോയല്‍റ്റി ഒന്നും ഞാന്‍ ചോദിക്കുന്നില്ല.. കയ്യില്‍ വച്ചോളൂ ട്ടാ'-മിയ കുറിച്ചു.
ഇതിന് താഴെ നിരവധി പേര്‍ മിയയ്ക്ക് പിന്തുണയുമായി കമന്റ് ചെയ്തു. മിയയുടെ നൃത്തത്തെ വിമര്‍ശിച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. കോട്ടയം തിരുനക്കര ക്ഷേത്രത്തിലാണ് മിയ നൃത്തപരിപാടി അവതരിപ്പിച്ചത്.