ഏറ്റവും കൂടുതല്‍ സിനിമയെ സ്‌നേഹിക്കുന്ന ആള്‍ക്കാരാണ്; അവിടുത്തെ സിനിമകള്‍ 99 ശതമാനവും പരാജയപ്പെടാറില്ല; തെലുങ്ക് സിനിമകള്‍ സൂപ്പര്‍ ഹിറ്റ് ആകുന്നതിന്റെ കാരണം പറഞ്ഞ് മോഹന്‍ലാല്‍

ഏറ്റവും കൂടുതല്‍ സിനിമയെ സ്‌നേഹിക്കുന്ന ആള്‍ക്കാരാണ്

Update: 2025-06-15 14:05 GMT

കൊച്ചി: വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ഡ്രാമയായാണ് പ്രേക്ഷകരിലേക്കെത്തുക. സിനിമയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. യുവ താരം വിഷ്ണു മഞ്ചു നായകനാവുന്ന ചിത്രം നിര്‍മിക്കുന്നത് അദ്ദേഹത്തിന്റെ പിതാവും തെലുങ്കിലെ പ്രശസ്ത നടനും നിര്‍മാതാവുമായ മോഹന്‍ ബാബുവാണ്. മോഹന്‍ലാലിന് ഏറെ അടുപ്പമുള്ള കുടുംബമാണ് ഇവരുടേത്.

കൊച്ചിയില്‍ ട്രെയ്‌ലര്‍ ലോഞ്ചിനിടെ മോഹന്‍ലാല്‍ കണ്ണപ്പയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. 'ഇതൊരു മലയാള സിനിമ അല്ല, ഒരു തെലുങ്ക് സിനിമ തുടങ്ങിയിട്ട് അത് നമ്മുടെ കേരളത്തിലേക്ക് വരുകയാണ്. പണ്ട് കാലങ്ങളില്‍ ഒരുപാട് തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളൊക്കെ ഡബ്ബ് ചെയ്ത് വരുമായിരുന്നു. ഇപ്പോള്‍ സിനിമയുടെ സ്‌ക്രീനിങ് സിസ്റ്റമെല്ലാം മാറി.

ഒരു പാന്‍ ഇന്ത്യന്‍ രീതിയിലേക്ക് സിനിമകള്‍ മാറി. മലയാളത്തില്‍ നിന്നും അത്തരം സിനിമകളെടുക്കാന്‍ നമ്മള്‍ ശ്രമിക്കുന്നുണ്ട്. ഈ സിനിമ എന്നെ സംബന്ധിച്ചിടത്തോളം രസകരമായ ഒരനുഭവമായിരുന്നു. ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്ന വിധം, നിങ്ങള്‍ കണ്ടതൊന്നുമല്ല. അതിലെ ആക്ഷന്‍ രംഗങ്ങള്‍, പാട്ടുകള്‍, ഡാന്‍സ് ഒരു കൊമേഴ്‌സ്യല്‍ ഫിലിമിലൂടെയാണ് ഈ കഥ പറഞ്ഞിരിക്കുന്നത്.

എനിക്ക് പ്രത്യേകിച്ച് പറയാന്‍ വാക്കുകളൊന്നുമില്ല, കാര്യം എന്നെക്കുറിച്ചാണ് ഇവിടെയെല്ലാവരും സംസാരിച്ചു കൊണ്ടിരുന്നത്, കണ്ണപ്പയെ കുറിച്ചല്ല. ഒരുപാട് സന്തോഷം, ഒരു ഇന്‍ഡസ്ട്രി ഒരു കുടുംബം പോലെ പോകുമ്പോഴാണ് അതിന് ഒരുപാട് നന്മകള്‍ ഉണ്ടാകുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ഫിലിം എന്ന് പറയുന്നത് ഇങ്ങനെയാണ്. നമ്മുടെ നാട്ടിലുള്ള, അല്ലെങ്കില്‍ എല്ലാ ഭാഷകളിലുമുള്ള അഭിനേതാക്കളെല്ലാം ഒരുമിച്ച് ഒരു വലിയ സിനിമ ചെയ്യുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

എന്നെ ഈ സിനിമയിലേക്ക് ക്ഷണിച്ചതിനും ഇത്തരമൊരു റോള്‍ തന്നതിനും മോഹന്‍ബാബു സാറിന് നന്ദി. എല്ലാവര്‍ക്കും നന്ദി. കണ്ണപ്പ എന്ന് പറയുന്നത് ഒരു ശിവ ഭക്തന്റെ കഥയാണ്. എന്നെ സംബന്ധിച്ചിടത്തോളം അവിടെപ്പോയി ഷൂട്ട് ചെയ്യുക, ഇതുപോലെ പ്രസിദ്ധമായ സിനിമയില്‍ അഭിനയിക്കുക എന്നത് ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്കൊരു അംഗീകാരമാണ്. എനിക്കേറ്റവും ബഹുമാനവും സ്‌നേഹവുമുള്ളൊരു കുടുംബമാണ് മോഹന്‍ ബാബുവിന്റേത്. അവരുടെ സ്‌നേഹവും ബഹുമാനവുമൊക്കെ അനുഭവിച്ചറിഞ്ഞയാളാണ് ഞാന്‍.

സിനിമയെന്നതിലുപരി ഒരു കുടുംബമായാണ് ഞങ്ങള്‍ ജീവിക്കുന്നത്, കാണുന്നത്, സംസാരിക്കുന്നത്. എന്തായാലും കണ്ണപ്പ മികച്ചൊരു അനുഭവമാകട്ടെ, ഒരു വിഷ്വല്‍ എക്‌സ്പീരിയന്‍സ് ആകട്ടെ. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയാണ് തെലുങ്ക് ഇന്‍ഡസ്ട്രി. ഏറ്റവും കൂടുതല്‍ സിനിമയെ സ്‌നേഹിക്കുന്ന ആള്‍ക്കാരാണ്. അവിടുത്തെ സിനിമകള്‍ 99 ശതമാനവും പരാജയപ്പെടാറില്ല. കാരണം അവിടുത്തെ പ്രേക്ഷകര്‍ സിനിമയെ അത്രയധികം ബഹുമാനിക്കുന്നു, അവര്‍ എങ്ങനെയെങ്കിലും ആ സിനിമയെ വിജയത്തിലെത്തിക്കാനായി ശ്രമിക്കുന്നു.

അങ്ങനെയൊരു ഇന്‍ഡസ്ട്രിയില്‍ നിന്ന് അവര്‍ ഒരു വലിയ സിനിമയെടുത്തു. ഒരുപാട് വര്‍ഷത്തെ പ്ലാനിങ് ആണ് ഈ സിനിമ. ന്യൂസിലാന്‍ഡിലാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇത്രയധികം ആളുകളുമായി രണ്ടും മൂന്നും പ്രാവശ്യം അവിടെപ്പോയാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. അപ്പോള്‍ അത്ര കഷ്ടപ്പെട്ട് ഒരു സിനിമ ചെയ്ത് അത് മൊഴിമാറ്റം ചെയ്ത് തെലുങ്ക് പ്രേക്ഷകര്‍ കാണുന്നതു പോലെ ഇന്ത്യയിലെ മറ്റ് ഭാഷകളിലുള്ളവര്‍ കാണണമെന്ന സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പുറത്തുകൊണ്ടുവന്ന സിനിമയാണ്.

അത് മൊഴിമാറ്റം ചെയ്ത് മലയാളത്തിലേക്ക് വരുകയാണ്. ഒരു സിനിമയെ വിജയിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്. അങ്ങനെ സംഭവിക്കട്ടെ, ഈശ്വരന്റെ അനുഗ്രഹം കണ്ണപ്പയ്ക്ക് ഉണ്ടാകട്ടെ. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി'.- മോഹന്‍ലാല്‍ പറഞ്ഞു.

Tags:    

Similar News