ശേ...ഇതൊക്കെ ആരാ പറയുന്നത്; ഞാൻ അങ്ങനെയൊന്നും ഒരിടത്തും പറഞ്ഞിട്ടില്ല; എന്തായാലും എന്റെ നൂറാം സിനിമ മോഹന്‍ലാലിനൊപ്പം..അതിൽ ഒരു മാറ്റവുമില്ല; ഗോസിപ്പുകളിൽ പ്രതികരിച്ച് പ്രിയദര്‍ശന്‍
കൊച്ചി: പ്രശസ്ത സംവിധായകൻ പ്രിയദർശൻ തൻ്റെ നൂറാം സിനിമ പൂർത്തിയാക്കിയതിന് ശേഷം വിരമിക്കും എന്ന പ്രചാരണങ്ങളിൽ യാഥാർഥ്യമില്ലെന്ന് വ്യക്തമാക്കി. ആരോഗ്യമുള്ള കാലത്തോളം സിനിമാ രംഗത്ത് സജീവമായിരിക്കാനാണ് തൻ്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. പ്രായം കൂടുന്തോറും പഴയതുപോലെയുള്ള ഊർജം ഇല്ലെങ്കിലും, ജോലി ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയദർശൻ്റെ നൂറാം സിനിമ നടൻ മോഹൻലാലിനൊപ്പമായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. തൻ്റെ നൂറാം സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും, അത് മോഹൻലാലിനൊപ്പമായിരിക്കും എന്നത് മാത്രമാണ് ഇതുവരെ ഉറപ്പായ വിവരമെന്നും പ്രിയദർശൻ പറഞ്ഞു. മറ്റ് സിനിമകളെക്കുറിച്ചോ ചിത്രീകരണം ആരംഭിക്കുന്നതിനെക്കുറിച്ചോ തനിക്കിപ്പോൾ യാതൊരു വ്യക്തതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നൂറാമത്തെ സിനിമ കഴിഞ്ഞാൽ ഞാൻ വിരമിക്കുമെന്ന വാർത്തകളിൽ യാഥാർഥ്യമില്ല. പ്രായമാകുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്, അതും എനിക്കുണ്ടായിട്ടുണ്ട്. പഴയതുപോലെ ഓടിനടന്ന് ഷൂട്ട് ചെയ്യാൻ ഇപ്പോൾ സാധിക്കുന്നില്ല. നൂറ് സിനിമകൾ പൂർത്തിയാക്കാൻ കഴിയുമെന്നത് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. പഴയതുപോലെയുള്ള ഊർജ്ജം പ്രായംകൊണ്ട് കുറഞ്ഞിട്ടുണ്ട്. ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഞാൻ സംസാരിച്ചത്. അല്ലാതെ ഇത് കഴിഞ്ഞാൽ ഞാൻ സന്യാസത്തിന് പോകുകയാണെന്നൊന്നും പറഞ്ഞിട്ടില്ല," പ്രിയദർശൻ വിശദീകരിച്ചു.