പുഷ്പ പോലുള്ള സിനിമകള്‍ ഞങ്ങള്‍ക്ക് പുതുമയല്ല; നായകന്‍ ഇടിക്കുമ്പോള്‍ 20 പേര്‍ വീഴും, അത് അസാധാരണം! ഇതല്ലേ സൂപ്പര്‍മാനും ചെയ്യുന്നത്; നാഗാര്‍ജ്ജുന

പുഷ്പ പോലുള്ള സിനിമകള്‍ ഞങ്ങള്‍ക്ക് പുതുമയല്ല

Update: 2025-05-04 15:51 GMT

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായെത്തി വന്‍ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ 2. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം 1800 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ഇപ്പോഴിതാ പുഷ്പയെക്കുറിച്ച് നടന്‍ നാഗാര്‍ജുന പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വേവ്‌സ് സമ്മിറ്റ് 2025 ല്‍ പങ്കെടുക്കവേയാണ് ചിത്രത്തെക്കുറിച്ച് നാഗാര്‍ജുന സംസാരിച്ചത്. തെലുങ്കിനേക്കാള്‍ ഹിന്ദിയില്‍ പുഷ്പ കൂടുതല്‍ കളക്ഷന്‍ നേടിയതിന് കാരണമുണ്ടെന്നാണ് നാഗാര്‍ജുന പറയുന്നു. പുഷ്പ പോലുള്ള സിനിമകള്‍ നേരത്തെയും തെലുങ്കില്‍ വന്നിട്ടുണ്ടെന്നും നോര്‍ത്ത് പ്രേക്ഷകര്‍ക്കാണ് ചിത്രം കൂടുതല്‍ ഇഷ്ടമായതെന്നും നാഗാര്‍ജുന പറഞ്ഞു.

'പുഷ്പ തെലുങ്കിനേക്കാള്‍ മറ്റ് ഭാഷകളിലാണ് കൂടുതല്‍ പണം സമ്പാദിച്ചത്, പ്രത്യേകിച്ച് നോര്‍ത്തില്‍. പുഷ്പയെപ്പോലെ സമാനമായ കഥകളും പുഷ്പരാജിനെപ്പോലെ കഥാപാത്രങ്ങളും തെലുങ്കില്‍ മുമ്പ് നമ്മള്‍ കണ്ടിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു, ഞങ്ങള്‍ക്ക് അത് പുതിയ കാര്യമല്ല. അതേസമയം വടക്കേ ഇന്ത്യയില്‍ ബീഹാര്‍, പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുഷ്പ, കെജിഎഫ്, ബാഹുബലി തുടങ്ങിയ സിനിമകളിലെ നായകന്‍മാരെ കാണാന്‍ അവര്‍ ആഗ്രഹിച്ചു.

ഇന്ത്യന്‍ സംസ്‌കാരത്തില്‍ അല്ലെങ്കില്‍ ഇവിടുത്തെ ജനങ്ങളുടെ കാര്യമെടുത്താല്‍ ഓരോ ദിവസവും ജീവിച്ചു പോകുക എന്നത് പ്രയാസമേറിയ കാര്യമാണ്. അപ്പോള്‍ സിനിമകള്‍ കണ്ടാണ് അവര്‍ അത്തരം സമ്മര്‍ദ്ദങ്ങള്‍ മറികടക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് സ്‌ക്രീനില്‍ മാജിക് കാണാന്‍ ആഗ്രഹമുണ്ട്. നാഗാര്‍ജുന പറഞ്ഞു. നായകന്‍ ഇടിക്കുമ്പോള്‍ 20 പേര്‍ വീഴുന്നു, അത് അസാധാരണമായി തോന്നുന്നു എന്ന് നിങ്ങള്‍ പറഞ്ഞേക്കാം.

പക്ഷേ, നിങ്ങള്‍ മാര്‍വല്‍ അല്ലെങ്കില്‍ ഡിസി സിനിമകള്‍ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ സൂപ്പര്‍മാനും അതു തന്നെയാണ് ചെയ്യുന്നത്. പക്ഷേ അവര്‍ക്ക് സൂപ്പര്‍ പവറുകള്‍ ഉണ്ടെന്ന യുക്തി ആദ്യമേ അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. പക്ഷേ നമുക്ക് അതിന്റെ ആവശ്യമില്ല.

സാധാരണക്കാര്‍ അല്ലെങ്കില്‍ ഞാനുള്‍പ്പെടെ ടിക്കറ്റെടുക്കുന്ന പ്രേക്ഷകര്‍ എന്റെ നായകന്മാരെ എന്റെ ജീവിതത്തിലേക്കാള്‍ വലുതായി കാണാന്‍ ആഗ്രഹിക്കുന്നു. പ്രഭാസ്, അല്ലു അര്‍ജുന്‍ ഇവരെപ്പോലെയുള്ള നടന്‍മാരൊക്കെ സ്‌ക്രീനില്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ഞാന്‍ കയ്യടിക്കുകയും വിസില്‍ അടിക്കുകയുമൊക്കെ ചെയ്യും'.- നാഗാര്‍ജുന കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News