ഈ ഒരു ലെവൽ വരെ വളരാനുള്ള കാരണമേ..അവളാണ്; ഞാൻ അങ്ങനെ ജീവിക്കുന്നുവെന്ന തരത്തിൽ ഒരുപാട് പേർ നെഗറ്റീവ് അടിച്ചിരിന്നു; തുറന്നുപറഞ്ഞ് നന്ദൂട്ടിയുടെ അമ്മ
ജനപ്രിയ കുട്ടിത്താരം നന്ദൂട്ടിയുടെ അമ്മ അഖില, തങ്ങളുടെ പുതിയ സൗന്ദര്യവർദ്ധക ഉൽപ്പന്ന ബ്രാൻഡായ 'കൺമണി'യുടെ ഓഫ്‌ലൈൻ സ്റ്റോർ ഉദ്ഘാടനം ചെയ്തു. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നന്ദൂട്ടി തങ്ങളുടെ ബിസിനസ് വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമാണെന്ന് അഖില ചടങ്ങിൽ വെച്ച് വ്യക്തമാക്കി. മകളെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന വിമർശനങ്ങളോടും അഖില ഈ വേദിയിൽ പ്രതികരിച്ചു.
സോഷ്യൽമീഡിയയിലൂടെ ശ്രദ്ധ നേടിയ നന്ദൂട്ടി, അടുത്തിടെയാണ് 'ഉപ്പും മുളകും' പരമ്പരയിൽ ലെച്ചുവിന്റെ മകൾ കല്ലുവായി എത്തിയത്. നന്ദൂട്ടിയുടെ മാതാപിതാക്കളായ അഖിലയും നിധിനുമാണ് അവൾക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകി ഒപ്പം നിൽക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു 'കൺമണി' എന്ന തങ്ങളുടെ കോസ്മെറ്റിക്സ് ബ്രാൻഡിന്റെ ഓഫ്‌ലൈൻ സ്റ്റോർ ഉദ്ഘാടനം ചെയ്തത്. 'ഉപ്പും മുളകും' പരമ്പരയിലെ സഹതാരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
മകളിലൂടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും പുതിയ സ്ഥാപനത്തെക്കുറിച്ചും സംസാരിക്കവെ, താൻ ഭാഗ്യം ചെയ്ത അമ്മയാണെന്ന് അഖില പറഞ്ഞു. "ഞങ്ങളുടെ സ്ഥാപനം ഈ നിലയിൽ വളരാനുള്ള പ്രധാന കാരണം എന്റെ മകളാണ്. അവളാണ് എന്നെ ഈ നിലയിൽ എത്തിച്ചത്, അതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു," അഖില വ്യക്തമാക്കി. "കൺമണി" എന്ന സ്ഥാപനം തുടങ്ങിയതും മകൾ കാരണമാണെന്നും അവർ കൂട്ടിച്ചേർത്തു. "മോളെ വെച്ച് ജീവിക്കുന്നുവെന്ന് ഒരുപാട് പേർ നെഗറ്റീവ് പറയാറുണ്ട്. മോള് മുഖേനയാണ് ഞങ്ങൾക്കിങ്ങനെയൊരു ബിസിനസ് തുടങ്ങാൻ കഴിഞ്ഞത്. ഏത് ഉൽപ്പന്നം ഇറക്കിയാലും എന്റെ മോൾ ആയിരിക്കും അതിൽ മോഡൽ," അഖില വിമർശകർക്ക് മറുപടി നൽകി.
പ്രധാനമായും 'ഉപ്പും മുളകിലെ' കല്ലുവിനെ ഇഷ്ടപ്പെടുന്നവരാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടുതലും വാങ്ങുന്നതെന്നും, നന്ദൂട്ടിയെ കാണാനും സംസാരിക്കാനും കഴിയുമോയെന്ന് ചോദിച്ചുള്ള ഫോൺ കോളുകൾക്ക് കണക്കില്ലെന്നും അഖില പറഞ്ഞു. "അവൾ എനിക്ക് കിട്ടിയ നിധിയാണ്. ഇതിനേക്കാൾ വലിയൊരു ഭാഗ്യം എനിക്ക് കിട്ടാനില്ല," അവർ കൂട്ടിച്ചേർത്തു.