'മറ്റുള്ളവരുടെ ഉള്ളിലുള്ള ദുഷിപ്പിനെ നേരെയാക്കാൻ കഴിയില്ല, അവർക്ക് വ്യൂസ് മാത്രം മതി'; ഫോട്ടോയെടുക്കാൻ വന്ന ആരാധികയെ അവഗണിച്ചെന്ന ആരോപണത്തിൽ യൂട്യൂബേഴ്സിനെ വിമർശിച്ച് നവ്യ നായർ

Update: 2025-10-08 12:18 GMT

കൊച്ചി: തനിക്കൊപ്പം ഫോട്ടോയെടുക്കാൻ വന്ന കുഞ്ഞാരാധികയെ അവഗണിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി നടി നവ്യ നായർ. യഥാർഥ സംഭവം മറച്ചുവെച്ച് തെറ്റായ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലുകളെ നവ്യ വിമർശിച്ചു. കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിനായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നാണ് നവ്യയുടെ ആരോപണം.

സംഭവത്തിന്റെ യഥാർഥ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് കുഞ്ഞാരാധികയുടെ അമ്മയും രംഗത്തെത്തി. 'മാഡത്തിന്റെ ഭാഗത്തു നിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ല. മോൾ ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ ഗ്രൂപ്പായി ഫോട്ടോ എടുക്കാമെന്ന് പറയുകയും അതനുസരിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു,' അമ്മ വ്യക്തമാക്കി. വിഷയത്തിൽ വിവാദം ഉയർന്നപ്പോൾ തന്നെ ഇക്കാര്യം വ്യക്തമാക്കി യൂട്യൂബ് ചാനലിന് കമന്റുകൾ നൽകിയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

തൻ്റെ ഭാഗത്തുനിന്ന് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്നും, എന്നാൽ തെറ്റായ വിവരം പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സിനെതിരെ പ്രതികരിക്കേണ്ടി വന്നത് വിഡിയോ നീക്കം ചെയ്തിട്ടും റിയാക്ഷൻ വിഡിയോകൾ പ്രചരിക്കുന്നതുകൊണ്ടാണെന്നും നവ്യ നായർ പറഞ്ഞു. "ഓൺലൈൻ ആളുകൾ സോറി പറഞ്ഞിട്ടും വിഡിയോ ഡിലീറ്റ് ആക്കിയിട്ടും റിയാക്ഷൻ വിഡിയോകൾ ഇപ്പോഴും പ്രചരിക്കുകയാണ്. 'എന്താണിത്ര ജാഡ കാണിച്ചേ' എന്ന് ചോദിച്ചാൽ എനിക്ക് മനസ്സിലാകും, കാരണം റിയാലിറ്റി നിങ്ങൾ പ്രേക്ഷകർ അറിയുന്നില്ല," അവർ കൂട്ടിച്ചേർത്തു.

'ഇവരുടെ ഉള്ളിലുള്ള ഈ ദുഷിപ്പിനെ എനിക്ക് നേരെയാക്കാൻ കഴിയില്ല. അവരെ സംബന്ധിച്ചിടത്തോളം അവർക്ക് വ്യൂസ് മാത്രം മതി. ഒന്നര മില്യൻ ആളുകൾ കണ്ടു. ചില യൂട്യൂബ് ചാനലുകൾ കാലൊടിഞ്ഞു പോകട്ടെ എന്നൊക്കെ പറയുമ്പോൾ വളരെ വേദന തോന്നും. എപ്പോഴും എല്ലാത്തിനും രണ്ടു വശങ്ങൾ കാണും,' നവ്യ വ്യക്തമാക്കി. തൻ്റെ ഭാഗത്തുനിന്ന് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നും അന്ന് കുഞ്ഞാരാധികയോടൊപ്പമുള്ള ഫോട്ടോ എടുത്തിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മയും സാക്ഷ്യപ്പെടുത്തി. 

Tags:    

Similar News