നയൻതാരയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്; 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' റിലീസിനൊരുങ്ങുന്നു; നവംബര്‍ 18ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ
മലയാളത്തിൽ അരങ്ങേറി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ താരറാണിയായി മാറിയ നായികയാണ് നയൻതാര. 'ലേഡി സൂപ്പർസ്റ്റാർ' എന്ന് ആരാധകർ വിളിക്കുന്ന ഈ താരസുന്ദരി ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ്. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ഫിലിം റിലീസിനൊരുങ്ങുകയാണ്.
താരസുന്ദരിയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 18ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. റെഡ് കാര്‍പ്പറ്റില്‍ കാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന നയന്‍താരയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. രണ്ട് വര്‍ഷം മുന്‍പാണ് 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്ന സിനിമയുടെ പ്രഖ്യാപനം എത്തിയിരുന്നത്. ടീസറും പുറത്ത് വിട്ടിരുന്നു. ഒരു മണിക്കൂര്‍ 21 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
ഭർത്താവായ വിഘ്‌നേഷ് ശിവനുമായുള്ള പ്രണയവും വിവാവുമായിരുന്നു ആദ്യം ഡോക്യുമെന്ററിയാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീടാണ് താരത്തിന്റെ കരിയര്‍ കൂടി ഉള്‍പ്പെടുത്തി ഡോക്യു- ഫിലിം ആക്കുകയായിരുന്നു. 'നാനും റൗഡി താന്‍' സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നയന്‍സും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേശ് ശിവൻ. ഇപ്പോള്‍ ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. താരത്തിന്റെ സിനിമാ ജീവിതത്തിലെ നിർണായക സംഭവങ്ങൾ സിനിമയിലൂടെ എത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.