രാവിലെ തന്നെ ജങ്ക് ഫുഡ് വായിൽ തിരുകി കയറ്റുക; മനസിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക; എന്നിട്ട് ഞായറാഴ്ച രാവിലെ ഇങ്ങനെ ചെയ്തുനോക്കൂ..; വീണ്ടും തിരിച്ചുവരവറിയിച്ച് നസ്രിയ നസീം
തന്റെ കുറച്ച് വ്യക്തിപരമായ ചില പ്രശ്‌നങ്ങൾ കാരണം കുറച്ച് ദിവസങ്ങളായി മാറി നിൽക്കുകയാണ് നടി നസ്രിയ നസീം. മാനസികമായി താൻ തളർന്നിരിക്കുകയാണെന്നും തനിക്ക് കുറച്ച് സമയം ആവശ്യമാണെന്നും നസ്രിയ പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു. പക്ഷെ എന്താണ് താൻ നേരിടുന്ന സാഹചര്യമെന്ന് നസ്രിയ കൂടുതൽ വ്യക്തമാക്കിയിട്ടില്ല. ഇത് പല അഭ്യൂഹങ്ങൾക്കും കാരണമായി. എപ്പോഴും സന്തോഷത്തോടെ മാത്രമേ നസ്രിയെയെ അഭിമുഖങ്ങളിലും മറ്റും ആരാധകർ കണ്ടിട്ടുള്ളൂ.
അതിനാൽ നടി പ്രസ്താവന പുറത്ത് വിട്ടപ്പോൾ പല ചോദ്യങ്ങളും വന്നു. എന്നാൽ അഭ്യൂഹങ്ങളോട് നസ്രിയയോ ഫഹദ് ഫാസിലോ പ്രതികരിച്ചില്ല. താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ജീവിതം തെരഞ്ഞെടുക്കുക. ഒരു ജോലി തെരഞ്ഞെടുക്കുക. ഒരു കരിയർ. ഒരു കുടുംബ തെരെഞ്ഞെടുക്കുക. വലിയ ടെലിവിഷൻ വാങ്ങുക. വാഷിംഗ് മെഷീൻ, കാറുകൾ, കോംപാക്ട് ഡിസ്ക് പ്ലേയർ, ഇലക്ട്രിക്കൽ ടിൻ ഓപ്പണേർസ് എന്നിവ തെരഞ്ഞെടുക്കുക. നല്ല ആരോഗ്യം തെരഞ്ഞെടുക്കുക"
"ലോ കൊളസ്ട്രോളും ഡെന്റൽ ഇൻഷുറൻസും. ഫിക്സഡ് ഇന്ററസ്റ്റുള്ള മോർട്ടേജ് റീപേയ്മെന്റ്, സ്റ്റാർട്ടർ ഹോം, നിങ്ങളുടെ സുഹൃത്തുക്കൾ എന്നിവരെ തെരഞ്ഞെടുക്കുക. മുടി കറുപ്പിക്കുക. ഞായറാഴ്ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക, ജങ്ക് ഫുഡ് രാവിലെ വായിൽ തിരുകി കയറ്റുക" എന്നിങ്ങനെ നസ്രിയ പങ്കുവെച്ച പാരഗ്രാഫ് നീളുന്നു. "നിങ്ങളുടെ ഭാവി തെരഞ്ഞെടുക്കുക" എന്നാണ് ചിത്രത്തിൽ അവസാനം എഴുതിയിരിക്കുന്നത്. മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്ന് കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.