അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചു; വിവാഹ ഡോക്യുമെന്ററി വിവാദത്തില്‍ നയന്‍താരയ്ക്ക് പുതിയ കുരുക്ക്; നെറ്റ്ഫ്‌ലിക്‌സിനും നടിക്കും നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷന്‍സ്

വിവാഹ ഡോക്യുമെന്ററി വിവാദത്തില്‍ നയന്‍താരയ്ക്ക് പുതിയ കുരുക്ക്

Update: 2025-01-06 12:58 GMT

ചെന്നൈ: നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിക്ക് പുതിയ കുരുക്ക്. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്. നെറ്റ്ഫ്ളിക്സിനും നോട്ടീസ് അയച്ചിട്ടുണ്ട്.

ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവാജി പ്രൊഡക്ഷന്‍സ് ആണ് നോട്ടീസ് അയച്ചത്. നേരത്തെ നാനും റൗഡി താന്‍ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.

2005ല്‍ റിലീസ് ചെയ്ത ചന്ദ്രമുഖി ചിത്രത്തില്‍ രജനികാന്ത് ആയിരുന്നു നായകന്‍. ഈ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങളും നയന്‍താരയുടെ ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന ഡോക്യുമെന്റററിയില്‍ ഉപയോഗിച്ചിരുന്നു. ബിയോണ്ട് ദി ഫെയറിടെയില്‍ എന്ന ഡോക്യുമെന്ററിക്കായി 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയന്‍താര രംഗത്തെത്തിയതോടെയാണ് കോളിവുഡില്‍ വിവാദം ആളിക്കത്തിയത്.

പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്‌ലിക്‌സില്‍ നയന്‍ താരയുടെ ജന്മദിനമായ നവംബര്‍ 18ന് ഡോക്യുമെന്ററി റീലീസ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ധനുഷ്- നയന്‍താര വിവാദങ്ങള്‍ക്ക് കാരണമായ നാനും റൗഡി താന്‍ സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെന്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണിപ്പോള്‍ ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളും നയന്‍താരയ്ക്കും നെറ്റ്ഫ്‌ലിക്‌സിനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Tags:    

Similar News