'അമ്മ'യില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി താരങ്ങള്‍; കൊച്ചി ഓഫിസിന് മുന്നില്‍ പതാകയുയര്‍ത്തി മമ്മൂട്ടി; മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഒപ്പം മഞ്ജുവും

റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് 'അമ്മ'

Update: 2025-01-26 10:28 GMT

കൊച്ചി: റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് ചലച്ചിത്രതാരസംഘടനയായ അമ്മ. സംഘടനയുടെ കൊച്ചി ഓഫിസിലായിരുന്നു ചടങ്ങുകള്‍. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മഞ്ജു വാരിയരും ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിന്റെ വീഡിയോ അമ്മയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ടിട്ടുണ്ട്.

ഒരു ഇടവേളയ്ക്കു ശേഷമാണ് മഞ്ജു വാരിയര്‍ അമ്മയുടെ ഔദ്യോഗിക പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നത്. നടന്‍ ശ്രീനിവാസനും പരിപാടിയുടെ ഭാഗമാകാന്‍ എത്തി. സുരേഷ് കൃഷ്ണ, ബാബുരാജ്, രമേഷ് പിഷാരടി, ജോമോള്‍, പൊന്നമ്മ ബാബു, തെസ്‌നി ഖാന്‍ തുടങ്ങി നിരവധി താരങ്ങളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. സംഘടന നടപ്പാക്കുന്ന സഞ്ജീവനി ജീവന്‍രക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കിയിരുന്ന അമ്മയുടെ ഭരണസമിതി രാജി വച്ചിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക സമിതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ വച്ച് നടത്തിയിരുന്നു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ അംഗങ്ങള്‍ക്കായി കുടുംബസംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

Tags:    

Similar News