'ഫോട്ടോ ഉപയോഗിച്ച് യുട്യൂബിലൂടെ അപമാനിച്ചു'; സാന്ദ്ര തോമസിന്റെ പരാതിയില്‍ ശാന്തിവിള ദിനേശ് ജോസ് തോമസ് എന്നിവര്‍ക്കെതിരെ കേസ്

സാന്ദ്ര തോമസിന്റെ പരാതിയില്‍ കേസ്

Update: 2025-02-21 16:08 GMT

കൊച്ചി: യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചെന്ന നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ കേസെടുത്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും സംവിധായകരുമായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചു എന്ന സാന്ദ്ര തോമസിന്റെ പരാതിയിലാണ് കേസ്. ഫോട്ടോ ഉപയോഗിച്ച് തന്നെ യൂട്യൂബില്‍ അപമാനിച്ചു എന്നാണ് പരാതി.

ഹേമാ കമ്മിറ്റിക്ക് മുമ്പാകെ മൊഴിനല്‍കിയതിനെ തുടര്‍ന്ന് ബി. ഉണ്ണിക്കൃഷ്ണന്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നേരത്തെ സാന്ദ്രാ തോമസ് നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ലൈറ്റ്സ് ക്യാമറ ആക്ഷന്‍ എന്ന, ശാന്തിവിള ദിനേശന്റെ യൂട്യൂബ് ചാനല്‍ വഴി ഫോട്ടോ ഉപയോഗിച്ച് സാന്ദ്രാ തോമസിനെതിരെ വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ചെന്ന് ആരോപിച്ചാണ് പരാതി.

നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. ലിസ്റ്റിന്‍ സ്റ്റീഫന്റെ വാര്‍ത്താസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സുരേഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതില്ല. ആരൊക്കയോ 'വെടക്കാക്കി തനിക്കാക്കുക' എന്ന രീതി പ്രവര്‍ത്തിക്കുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് സാന്ദ്രാ തോമസിന്റെ പ്രതികരണം.

'ഫോട്ടോ ഉപയോഗിച്ച് യുട്യൂബിലൂടെ അപമാനിച്ചു'; സാന്ദ്ര തോമസിന്റെ പരാതിയില്‍ ശാന്തിവിള ദിനേശ് ജോസ് തോമസ് എന്നിവര്‍ക്കെതിരെ കേസ്

Similar News