'ആരോപണവിധേയരായ ഒരുപാട് മന്ത്രിമാരുണ്ട്; അവര്‍ക്ക് മത്സരിക്കാമെങ്കില്‍ ആര്‍ക്കും മത്സരിക്കാം; തെറ്റുചെയ്തിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ'; അമ്മയിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് അന്‍സിബയുടെ മറുപടി
അമ്മയിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് അന്‍സിബയുടെ മറുപടി
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ ആരോപണവിധേയരായ താരങ്ങള്‍ മത്സരിക്കുന്നതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് നടി അന്‍സിബ ഹസന്‍. 'രാഷ്ട്രീയത്തിലും ആരോപണവിധേയരുണ്ട്. ജനാധിപത്യ രാജ്യമാണ്. നമുക്ക് ആരോപണവിധേയരായ ഒരുപാട് മന്ത്രിമാരുണ്ട്. അവര്‍ക്ക് മത്സരിക്കാമെങ്കില്‍ ആര്‍ക്കും മത്സരിക്കാം. തെറ്റുചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. ആരോപണവിധേയരായവര്‍ക്ക് മത്സരിക്കണമെന്നുണ്ടെങ്കില്‍ അവരും മത്സരിക്കട്ടെ', ആരോപണവിധേയര്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അന്‍സിബ പ്രതികരിച്ചു.
തിരഞ്ഞെടുപ്പിനായി എല്ലാ താരങ്ങളും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഓഗസ്റ്റ് 15ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സംഘടനയ്ക്ക് ശുഭ സൂചനയാണെന്നാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടി അന്‍സിബ ഹസ്സന്‍ പറയുന്നു. താരസംഘടനയായ 'അമ്മ'യുടെ 32 വര്‍ഷത്തെ ചരിത്രത്തില്‍ ഭാരവാഹികളാവാന്‍ ഇത്രയും മത്സരാര്‍ഥികള്‍ രംഗത്തുവരുന്നത് ആദ്യമായാണെന്നും അന്‍സിബ പറഞ്ഞു.
'ഇത്തവണ പാനലോ ഗ്രൂപ്പോ ഒന്നുമില്ല. ഇത്രയും പേര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം മത്സരിക്കുകയാണ്. നല്ലകാര്യമായി തോന്നി. അതില്‍ വളരേ സന്തോഷമുണ്ട്. 32 വര്‍ഷത്തിനിടെ ഇത്രയും അധികം ആളുകള്‍ മത്സരത്തിനിറങ്ങുന്നത് ആദ്യമായാണ്'- എന്നായിരുന്നു അന്‍സിബയുടെ വാക്കുകള്‍.
'ആരോഗ്യകരമായ മത്സരമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുക. ആരുവേണമെങ്കിലും മത്സരിക്കൂ എന്നാണ് ലാലേട്ടന്‍ ഒടുവിലത്തെ ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞത്. സ്ത്രീയെന്നോ പുരഷനെന്നോ ഭേദം കാണിക്കാതിരിക്കുക. എല്ലാവരും മത്സരിക്കുക, ആഗ്രഹമുള്ളവരെല്ലാം മത്സരിക്കൂ എന്ന് പറഞ്ഞാണ് ലാലേട്ടന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്' - അന്‍സിബ കൂട്ടിച്ചേര്‍ത്തു.
അഡ്-ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി അംഗങ്ങളെ മത്സരിക്കാന്‍ പ്രേരിപ്പിച്ചുവെന്നും ഇതിലൂടെ ആരോഗ്യകരമായ മത്സരം സൃഷ്ടിച്ചുവെന്നും അന്‍സിബ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്‍ ജഗദീഷ് അംഗങ്ങളുടെ പിന്തുണ തേടുന്നുണ്ടെന്നും, കുഞ്ചാക്കോ ബോബന്‍, വിജയരാഘവന്‍ എന്നിവരെ തുടക്കത്തില്‍ മുന്‍നിര സ്ഥാനാര്‍ത്ഥികളായി കണക്കാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആരോപണങ്ങള്‍ കാരണം എതിര്‍പ്പ് നേരിടുന്ന ബാബുരാജിനെതിരെ ജോയ് മാത്യുവാണ് മത്സരിക്കുക. ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ അന്‍സിബ ഹസ്സനും ഉള്‍പ്പെടുന്നു. ബാബുരാജിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നതു കൊണ്ട് അദ്ദേഹത്തെ മത്സരിപ്പിക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ ആരോപണവിധേയരായ വ്യക്തികള്‍ മത്സരിക്കരുതെന്നാണ് രവീന്ദ്രനെപ്പോലുള്ളവര്‍ അഭിപ്രായപ്പെട്ടത്. ആരോപണവിധേയരായ രാഷ്ട്രീയക്കാര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയുമെങ്കില്‍, AMMA നേതൃത്വത്തില്‍ ആരോപണം നേരിടുന്നവരെ വിലക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് അന്‍സിബ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അമ്മയിലെ ചില അംഗങ്ങള്‍ക്കെതിരായ പീഡന ആരോപണങ്ങള്‍ തുറന്നുകാട്ടിയതിനെത്തുടര്‍ന്നാണ് പുതിയ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ വഴിവച്ചത്. ഇത് മുഴുവന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും രാജിയിലേക്ക് നയിച്ചു. മുന്‍ പ്രസിഡന്റായ മോഹന്‍ലാലും സംഘടനയില്‍ നിന്നും സ്വമേധയാ പുറത്തു പോയി. ഇതിനു ശേഷമാണ് പുതിയ തിരഞ്ഞെടുപ്പ് വരെ സംഘടനയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.