രണ്ടുനേരം ഭക്ഷണം കഴിക്കാനില്ലായിരുന്നു; രാജ്‌കോട്ടില്‍ നടന്നൊരു ഐപിഎല്‍ മത്സരം വഴിത്തിരിവായി; ഒറ്റ നോട്ടത്തില്‍ ഷാറൂഖ് ഖാന്‍; ഇന്ന് ലക്ഷങ്ങള്‍ വരുമാനം; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അപരനെന്ന് ഇബ്രാഹിം ഖാദിരി
മുംബൈ: ഇബ്രാഹിം ഖാദിരിയെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല. സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ അപരന്‍ എന്ന നിലയില്‍ പ്രശസ്തനായ ഇബ്രാഹിം ഖാദ്രി അടുത്തിടെ വോഗ് ഇന്ത്യ മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ടത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍, ഈ വഴി ഇബ്രാഹിം സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതായിരുന്നില്ല. മറിച്ച്, സംഭവിച്ചുപോയതാണ്. എന്നാല്‍, ഷാരൂഖ് ഖാനെ അനുകരിക്കാന്‍ ആരംഭിച്ചതോടെ ജീവിതം തന്നെ മാറിമറഞ്ഞുവെന്ന് ഇബ്രാഹിം പറയുന്നു.
ഗുജറാത്തിലെ ജുനഗഡില്‍ ഉപജീവനത്തിനായി ഹോര്‍ഡിംഗ് ബോര്‍ഡുകള്‍ പെയിന്റ് ചെയ്തിരുന്ന വ്യക്തിയായിരുന്നു ഇബ്രാഹിം. ഷാരൂഖുമായുള്ള രൂപസാദൃശ്യം പലരും ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് അവഗണിച്ചു. എന്നാല്‍, ഒരു ഐപിഎല്‍ മത്സരത്തിനിടെ രാജ്കോട്ടില്‍ വെച്ച് ആളുകള്‍ ഇബ്രാഹിമിനെ ഷാരൂഖ് ഖാന്‍ ആണെന്ന് തെറ്റിദ്ധരിച്ചതോടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ ഒരു സാധ്യത കാണുന്നത്.
സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. രണ്ടുനേരം ആഹാരംപോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങളാകെ മാറി. ഇപ്പോള്‍ എനിക്ക് മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ അപരനായി പരിപാടികള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്കൊന്നും അറിയില്ലായിരുന്നു. അദ്ദേഹത്തെപ്പോലെ സംസാരിക്കാനോ നൃത്തം ചെയ്യാനോ ഞാന്‍ പരിശീലിച്ചിരുന്നില്ല. പലപ്പോഴും, എന്റെ പ്രകടനത്തിന് എനിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല. പിന്നീടാണ്, അദ്ദേഹത്തെപ്പോലെ പെരുമാറാന്‍ പഠിക്കുന്നത്.
ഇപ്പോള്‍ 1.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പരിപാടികള്‍ക്ക് വാങ്ങാറുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അപരന്‍ ഞാനാണെന്ന് തോന്നുന്നു. മറ്റ് അപരന്മാര്‍ക്കും ജോലികള്‍ ലഭിക്കുന്നുണ്ട്. ഞാന്‍ നിരസിക്കുന്ന പരിപാടികള്‍ അവര്‍ക്കാണ് ലഭിക്കുന്നത്, ഇബ്രാഹിം പറഞ്ഞു. നടപ്പിലും ഇരിപ്പിലും വേഷത്തിലും ഭാവത്തിലുമെല്ലാം ഷാറൂഖിനെ അനുസ്മരിപ്പിക്കുന്ന ഇബ്രാഹിം, ഫാഷന്‍ മാസികയായ വോഗിന്റെ കവര്‍ചിത്രമായി എത്തിയതോടെയാണ് ഒരിക്കല്‍ കൂടി അദ്ദേഹം തരംഗമാകുന്നത്.
ഗുജറാത്തിലെ ജുനഗഡില്‍ നിന്നുള്ള കലാകാരനാണ് ഇബ്രാഹിം ഖാദിരി. ജീവിക്കാന്‍ വേണ്ടി പരസ്യബോര്‍ഡുകള്‍ക്ക് നിറം പകര്‍ന്നവന്‍. ചെറുപ്പത്തിലെ കിങ് ഖാനുമായുള്ള സാമ്യം പരിചയപ്പെട്ടവരെല്ലാം ഇബ്രാഹിം ഖാദിരിയെ ഉണര്‍ത്തിയിരുന്നു.
ഷാറൂഖിന്റെ താരപ്രഭ മങ്ങരുതെന്ന് ആഗ്രഹിക്കുന്നതിനാല്‍ അദ്ദേഹത്തെ പരിഹസിച്ചുവരുന്ന കോമഡി ഷോകളില്‍ നിന്നും മറ്റും വിട്ടുനില്‍ക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഷാറൂഖിനെ വെച്ച് ജീവിക്കുന്നുണ്ടെങ്കിലും ഇതിനൊരു നെഗറ്റീവ് വശം കൂടിയുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഷോപ്പിങിനോ മറ്റു മാളിലേക്ക് പോയാല്‍ ധാരാളം പണമുണ്ടാകുമെന്ന് കരുതി ഉടമകള്‍ വില ഉയര്‍ത്തുന്നതാണത്.