'മറ്റുള്ളവര്‍ എന്റെ ജീവിതം എനിക്കുവേണ്ടി പ്ലാന്‍ ചെയ്യുന്നത് ഇഷ്ടമാണ്. അവര്‍ എന്റെ ഹണിമൂണ്‍ കൂടി പ്ലാന്‍ ചെയ്യാനായി കാത്തിരിക്കുകയാണ്'; വിവാഹ അഭ്യൂഹങ്ങളോട് പ്രതികരിച്ച് തൃഷ കൃഷ്ണന്‍
ചെന്നൈ: സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി നടി തൃഷ കൃഷ്ണ. ഛത്തീസ്ഗഡില്‍ നിന്നുള്ള വ്യവസായിയെ തൃഷ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഇത് തള്ളിയ തൃഷ, തന്റെ ജീവിതം പ്ലാന്‍ ചെയ്യുന്നവര്‍ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്യണമെന്നും തൃഷ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തൃഷയുടെ പ്രതികരണം.
'ആളുകള്‍ എന്റെ ജീവിതം എനിക്ക് വേണ്ടി പ്ലാന്‍ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. അവര്‍ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്താല്‍ മതി' എന്നാണ് തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇരു കുടുംബങ്ങളും വര്‍ഷങ്ങളായി പരിചയമുള്ളവരാണെന്നും ഛത്തീസ്ഗഡില്‍ നിന്നുള്ള വ്യവസായിയുമായുള്ള വിവാഹത്തിന് തൃഷയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.
നടിയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചുവെന്ന തരത്തിലായിരുന്നു രാവിലെ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. 'ശരിയായ' വ്യക്തി വരുമ്പോള്‍ 'ശരിയായ' സമയത്ത് വിവാഹമുണ്ടാവുമെന്ന് നേരത്തെ തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തോട് തൃഷ പ്രതികരിച്ചിരുന്നു.
നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.