ഷാജി പാപ്പനായി വീണ്ടും ജയസൂര്യ; കാരവനില്‍ നിന്നും മേക്കപ്പോടെ മാസ് എന്‍ട്രി; കയ്യടികളോടെ വരവേറ്റ് അണിയറപ്രവര്‍ത്തകര്‍

Update: 2025-10-14 12:45 GMT

കൊച്ചി: ഷാജി പാപ്പനായി ജയസൂര്യ വീണ്ടും കാമറയുടെ മുന്നില്‍ എത്തി. പാപ്പന്റെ ട്രേഡ് മാര്‍ക്ക് ആയ മീശയും കറുത്ത മുണ്ടുമണിഞ്ഞുള്ള ലുക്ക് ട്രെന്‍ഡിംഗ് ആണ്. മൂന്നുവര്‍ഷത്തിനുശേഷം ആണ് ജയസൂര്യ താടി വടിക്കുന്നത്. പാപ്പന്‍ ആയി മാറുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് പാപ്പന്റെ തിരിച്ചുവരവ് ജയസൂര്യ അറിയിച്ചത്. എട്ടുവര്‍ഷത്തിനുശേഷം പാപ്പന്‍ വീണ്ടും എത്തുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

ആട് സീരീസിലെ മൂന്നാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങവേ ഷാജി പാപ്പന്റെ വേഷത്തിലുള്ള ജയസൂര്യയുടെ ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുവന്‍ മാനുവല്‍ തോമസ്. കാരവനില്‍ നിന്നും മേക്കപ്പ് കഴിഞ്ഞ് ജയസൂര്യ പുറത്തുവരുന്നതും സംവിധായകര്‍ ഉള്‍പ്പടെയുള്ളവര്‍ ഷാജി പാപ്പനെ കയ്യടികളോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം. കറുപ്പും ചുവപ്പും നിറങ്ങളിലുള്ള മണ്ടും, കറുത്ത ഷര്‍ട്ടും, വലിയ മീശയും അല്‍പ്പം നരച്ച മുടിയുമാണ് ഷാജിപാപ്പന്റെ വേഷം.

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന എപിക്-ഫാന്റസി ചിത്രമായ ആട് 3 ചിത്രീകരണം പുരോഗമിക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. 2026 മാര്‍ച്ച് 19 ന് ഈദ് റിലീസായി ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവര്‍ ചേര്‍ന്നാണ് ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്.

Similar News