കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകന്‍; 'തലൈവര്‍ 173' പ്രഖ്യാപിച്ചു; സുന്ദര്‍ സി. സംവിധാനം; അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കും

Update: 2025-11-05 15:36 GMT

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം നിര്‍മിക്കുന്നത് ഉലകനായകന്‍ കമല്‍ ഹാസന്‍. ആദ്യമായാണ് കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തുന്നത്. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'തലൈവര്‍ 173' എന്നാണ് താത്കാലികമായി പേര് നല്‍കിയിരിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ഈ ചിത്രം 2027 പൊങ്കല്‍ റിലീസ് ആയാണ് ആഗോളതലത്തില്‍ പ്രദര്‍ശനത്തിന് എത്തുക.

അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്- കമല്‍ ഹാസന്‍ സുഹൃദ്ബന്ധവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതായിരിക്കും ഈ സംരംഭം. തമിഴിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ 44-ാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ഈ രജനികാന്ത്- കമല്‍ ഹാസന്‍- സുന്ദര്‍ സി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

ഇപ്പോള്‍ നെല്‍സണ്‍ ഒരുക്കുന്ന ജയിലര്‍ 2-ല്‍ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും 'തലൈവര്‍ 173'-ല്‍ ജോയിന്‍ ചെയ്യുക. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് കമല്‍ ഹാസന്‍ ചിത്രം നിര്‍മിക്കുന്നത്.

അരമനൈ സിനിമാറ്റിക് യൂണിവേഴ്‌സ് വഴി ഏറെ ജനപ്രീതി നേടിയ സംവിധായകനാണ് സുന്ദര്‍ സി. നാല്പതോളം ചിത്രങ്ങളാണ് തമിഴില്‍ ഒരുക്കിയിട്ടുള്ളത്. കമല്‍ ഹാസന്‍ നായകനായ 'അന്‍പേ ശിവം' എന്ന ചിത്രവും സുന്ദര്‍ സി.ക്ക് വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. സുന്ദര്‍ സി.യുടെ അടുത്ത റിലീസ് നയന്‍താര നായികയായ 'മൂക്കുത്തി അമ്മന്‍-2' ആണ്.

Similar News