'ദിലീപിന് ഇത്രയും ഉയരമുണ്ടോ? ജയറാമിനും സുരേഷ് ഗോപിക്കും ഉയരം കുറഞ്ഞുപോയി; ആ കേന്ദ്രമന്ത്രിയെ നിര്‍ത്താതെ ബെഞ്ചില്‍ ഇരുത്താമായിരുന്നു'; മലയാള സൂപ്പര്‍ താരങ്ങളുടെ എ ഐ ചിത്രം പ്രചരിച്ചതോടെ രസകരമായ കമന്റുകളുമായി ആരാധകര്‍
തിരുവനന്തപുരം: തമിഴ് സിനിമാ താരങ്ങളുടെ എ ഐ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ മലയാള സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നാട്ടിന്‍ പുറത്തെ ചായക്കടയ്ക്കു മുന്‍പില്‍ സൊറ പറഞ്ഞ് ചായ കുടിക്കുന്ന മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ് എന്നിവരാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഒറിജിനലെന്നു തോന്നിക്കുന്ന എഐ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഒരു എഐ ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ ഈ ചിത്രം സിനിമാപ്രേമികളില്‍ കൗതുകം നിറയ്ക്കുകയാണ്. ഒരു ഗ്രാമീണ ചായക്കടയുടെ പശ്ചാത്തലം. മോഹന്‍ലാല്‍ ശാന്തനായി, കൈയ്യിലെ കട്ടന്‍ ചായയില്‍ ശ്രദ്ധയര്‍പ്പിച്ച് ബെഞ്ചില്‍ ഇരിക്കുന്നു. മമ്മൂട്ടി ലാലേട്ടന് സമീപം നിന്ന്, തനത് ശൈലിയിലുള്ള ഒരു കഥ പറച്ചിലിലോ തമാശയിലോ ഏര്‍പ്പെട്ടിരിക്കുന്നു. സുരേഷ് ഗോപി തന്റെ ഗൗരവം വിട്ട്, കൂട്ടുകാരുമായി ചിരിച്ച് സംസാരിച്ച് കൂട്ടത്തിലുണ്ട്. പൃഥ്വിരാജ് ശ്രദ്ധയോടെ സംഭാഷണത്തില്‍ പങ്കുചേരുന്നു. ജയറാമും ദിലീപും തമാശകളും ചിരികളുമായി സൗഹൃദ കൂട്ടായ്മയ്ക്ക് നിറം പകരുന്നു. പ്രശസ്തിയുടെ മറയില്ലാതെ, വെറും സാധാരണ മനുഷ്യരായി അവര്‍ ഒരു കട്ടന്‍ ചായയുടെ പേരില്‍ ഒത്തുചേരുന്ന ഈ രംഗം, ഏതൊരു മലയാളിക്ക് മുന്നിലും ഒരു നൊസ്റ്റാള്‍ജിയയും കൗതുകവും ഒരുപോലെ നിറയ്ക്കുന്ന ഒന്നാണ്.
ചിത്രത്തില്‍ മോഹന്‍ലാല്‍ ബെഞ്ചിലിരുന്ന് ചായ കുടിക്കുന്നതും ബാക്കിയെല്ലാവരും ചുറ്റും നില്‍ക്കുന്നതുമാണ് കാണുന്നത്. ഒരു കൈ പോക്കറ്റിലും മറു കൈയ്യില്‍ ചായയുമായി നില്‍ക്കുന്ന മമ്മൂട്ടിയും ഗൗരവമായി നില്‍ക്കുന്ന സുരേഷ് ഗോപിയെയും, ശ്രദ്ധയോടെ സംഭാഷണത്തില്‍ പങ്കുചേരുന്നു പൃഥ്വിരാജിനെയും തമാശകളും ചിരികളുമായി ജയറാമിനെയും ദിലീപിനെയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഓണ്‍ലൈന്‍ പീപ്‌സ് എന്ന എന്റര്‍ടെയിന്‍മെന്റ് പോര്‍ട്ടലാണ് ചിത്രം പങ്കുവച്ചത്. എന്നാല്‍ ചിത്രം വൈറലയാതോടെ എഐ സൃഷ്ടിയിലെ തെറ്റുകള്‍ ചൂണ്ടികാട്ടുകയാണ് പലരും. ജയറാമിനും സുരേഷ് ഗോപിക്കും ഉയരം കുറഞ്ഞുപോയെന്നും ദിലീപിനു ഉയരം കൂടിയെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. കേന്ദ്രമന്ത്രിയെ നിര്‍ത്താതെ ബെഞ്ചില്‍ ഇരുത്താമായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസം തമിഴ് സൂപ്പര്‍ താരങ്ങളുടെ എഐ ചിത്രം വൈറലായത്. രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, സൂര്യ, വിക്രം, അജിത്, വിജയ് സേതുപതി, ധനുഷ്, ശിവകാര്‍ത്തികേയന്‍, കാര്‍ത്തി, ജീവ, പ്രഭുദേവ തുടങ്ങി തമിഴിലെ പ്രമുഖ നായകന്മാരെല്ലാം ഒത്തുകൂടിയ ചിത്രമായിരുന്നു ഇത്. നഗരത്തിലൂടെ മുണ്ടുമുടുത്ത് നടക്കുന്ന ചിത്രങ്ങളാണ് കണ്ടത്.
തട്ടുകടയുടെ മുന്നില്‍ നിന്ന് ചായയും കുടിച്ച് കൊച്ചുവര്‍ത്തമാനം പറയുന്ന രജനിയും കമലും വിജയ്‌യും അജിത്തുമുള്ള മറ്റൊരു എ ഐ ചിത്രവും പ്രചരിച്ചിരുന്നു. അജിത്, രജനികാന്ത്, കമല്‍ഹാസന്‍, വിക്രം വിജയ്, സൂര്യ, ധനുഷ്, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി എന്നിവരെ എഐ ചിത്രത്തില്‍ കാണാം. നാടന്‍ വേഷത്തില്‍, കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ചാണ് അജിത്തും രജനികാന്തും ചിത്രത്തിലുള്ളത്. ഇന്നര്‍ ബനിയനും മുണ്ടും ധരിച്ച വിക്രമിനെയും ചിത്രത്തില്‍ കാണാം. തട്ടുകടയില്‍ നിന്നും പൊറോട്ട കഴിച്ച് വര്‍ത്തമാനം പറയുന്ന സൂര്യയുമുണ്ട് ചിത്രങ്ങളില്‍. മറ്റൊരു ചിത്രത്തില്‍ പ്രഭുദേവയുടെ ഡാന്‍സ് ആണ്. കൂടെ, ഡാന്‍സ് ആസ്വദിക്കുന്ന വിശാലിനെയും വടിവേലുവിനെയും കാണാം.
മാളില്‍വച്ച് സെല്‍ഫിയെടുക്കുന്ന ശിവകാര്‍ത്തികേയനും വിജയ് സേതുപതിയും, കോഫി ഷോപ്പിലിരുന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന കാര്‍ത്തിയും രവി മോഹനും ജീവയും തുടങ്ങി ക്രിയേറ്റിവിറ്റിയിലൂടെ ആരാധകരെ അമ്പരപ്പിക്കുന്നുണ്ട് ചിത്രങ്ങള്‍. താരങ്ങളെല്ലാം തോളില്‍ കയ്യിട്ട് ബീച്ചിലിരുന്ന് സംസാരിക്കുന്ന ചിത്രവുമുണ്ട് കൂട്ടത്തില്‍.
ആരാധകരുടെ ഹൃദയംനിറച്ചുകൊണ്ടാണ് ചിത്രങ്ങള്‍ വൈറലാകുന്നത്. എഐയിലൂടെയാണെങ്കിലും തങ്ങളുടെ പ്രിയ താരങ്ങളെ ഒറ്റ ഫ്രെയിമില്‍ കണ്ട ആവേശം ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഒരു ഫീല്‍ഗുഡ് സിനിമ കണ്ട പ്രതീതിയുണ്ട് ചിത്രങ്ങള്‍ക്ക് എന്ന് ആരാധകര്‍ കുറിക്കുന്നു. ഈങ്ങനെയൊരു സിനിമ ഒരുങ്ങിയിരുന്നെങ്കില്‍ എന്ന് ആശ പ്രകടിപ്പിച്ചവരുമുണ്ട്. എഐ സാങ്കേതികവിദ്യയുടെ ഇതുപോലുള്ള പോസിറ്റിവ് വശമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.
'ഹൂഹൂക്രിയേഷന്‍സ്80' എന്ന ഇന്‍സ്റ്റഗ്രാം പേജാണ് മനോഹരമായ ഈ എഐ ഫ്രെയിമുകള്‍ പുറത്തുവിട്ടത്. 'തമിഴ് ഹീറോസ് ടീം ഔട്ടിങ്' എന്ന അടിക്കുറിപ്പോടെയാണ് പേജ് ചിത്രങ്ങള്‍ പങ്കുവച്ചത്. പുതിയ നാനോ ബനാന പ്രോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ നിര്‍മിച്ചതെന്ന് കമ്പനി അറിയിച്ചു.
