'ഫാല്‍ക്കെ അവാര്‍ഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്‌നേഹപൂര്‍വ്വം'; 'പേട്രിയറ്റ്' ലൊക്കേഷനില്‍ മോഹന്‍ലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി; കൊച്ചിയില്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായി ഒന്നിച്ച് താരങ്ങള്‍
കൊച്ചി: മഹേഷ് നാരായണന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'പേട്രിയറ്റ്' സിനിമയുടെ ലൊക്കേഷനില്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരം. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്. 'ഫാല്‍ക്കെ അവാര്‍ഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്‌നേഹപൂര്‍വ്വം' ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു. ഈ ചടങ്ങിന്റെ വീഡിയോ മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
കൊച്ചിയിലെ സെറ്റില്‍വെച്ചാണ് മമ്മൂട്ടിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മോഹന്‍ലാലിനെ ആദരിച്ചത്. പൂക്കൂട നല്‍കിയ മമ്മൂട്ടി മോഹന്‍ലാലിനെ ഷാള്‍ അണിയിക്കുകയും ചെയ്തു. ഫാല്‍ക്കെ അവാര്‍ഡ് നേടിയതിനുശേഷം മോഹന്‍ലാല്‍ ആദ്യമായാണ് മമ്മൂട്ടിയെ നേരില്‍കാണുന്നത്. ശനിയാഴ്ച കൊച്ചിയില്‍ 'പേട്രിയറ്റി'ന്റെ അവസാന ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്ത ദിവസം തന്നെ അദ്ദേഹത്തിന് മമ്മൂട്ടിയുടെ അഭിനന്ദനമെത്തുകയും ചെയ്തു.
'ഫാല്‍ക്കെ അവാര്‍ഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്‌നേഹപൂര്‍വ്വം' എന്നാണ് വീഡിയോക്കൊപ്പം മമ്മൂട്ടി എഴുതിയിരിക്കുന്നത്. സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, സി.ആര്‍.സലിം, ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, എസ്.എന്‍.സ്വാമി, കന്നഡ നടന്‍ പ്രതീഷ് ബലവാടി, ക്യാമറാമാന്‍ മാനുഷ് നന്ദന്‍ തുടങ്ങിയവര്‍ മമ്മൂട്ടി-മോഹന്‍ലാല്‍ അഭിനന്ദനസംഗമത്തിന് സാക്ഷികളായി.
മമ്മൂട്ടിയും മോഹന്‍ലാലും പതിനേഴ് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ പാട്രിയറ്റില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. അടുത്ത വര്‍ഷം മലയാളത്തില്‍ ഏറ്റവും വലിയ ഹൈപ്പോടെ എത്തുന്ന ചിത്രം കൂടിയാണ് പേട്രിയറ്റ്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്റം പ്രവീണ്‍.
പാട്രിയറ്റ് സിനിമയുടെ ടൈറ്റില്‍ ടീസര്‍ ഒക്ടോബര്‍ 2-ന് റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. ശ്രീലങ്ക, അസര്‍ബൈജാന്‍, ഡല്‍ഹി, ഷാര്‍ജ, കൊച്ചി, ലഡാക്ക്,യു.കെ. എന്നിവിടങ്ങളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഇപ്പോള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടി - മോഹന്‍ലാല്‍ കോമ്പിനേഷന്‍ രംഗങ്ങളാണ് കൊച്ചിയില്‍ ചിത്രീകരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
