15 വര്‍ഷത്തെ സൗഹൃദം; ഒന്നര വര്‍ഷമായി ഒരുമിച്ചല്ല; ഇപ്പോള്‍ ദാമ്പത്യവും അവസാനിപ്പിക്കുന്നു; വേര്‍പിരിയുന്നുവെന്ന് നടി ഹരിതയും വിനായകും; വിവാഹമോചനവാര്‍ത്ത അറിയിച്ച് സീരിയല്‍ പ്രേമികളുടെ പ്രിയ നടി

Update: 2025-12-10 09:04 GMT

കൊച്ചി: ടെലിവിഷന്‍ സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹരിത ജി നായര്‍. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഹരിത ഇപ്പോള്‍ ചെമ്പരത്തി എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. സിനിമാ എഡിറ്ററായ വിനായക് ആണ് ഹരിതയെ വിവാഹം ചെയ്തത്. എന്നാലിപ്പോഴിതാ വിനായകുമായുള്ള വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ഹരിത. ഒന്നര വര്‍ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് വേര്‍പിരിയല്‍. 2023 നവംബറിലായിരുന്നു ഇവരുടെ വിവാഹം.

ഹരിത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. 15 വര്‍ഷത്തെ സൗഹൃദത്തിനു ശേഷം 2023ലാണ് ഇവര്‍ ദാമ്പത്യജീവിതം ആരംഭിച്ചത്. വിവാഹവാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. വെറും രണ്ടുവര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗികമായി തന്നെ നടി ഹരിത അറിയിക്കുകയാണ്. ഒന്നര വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞായിരുന്നു താമസം. ഈ തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ തങ്ങള്‍ക്കിടെയില്‍ നില്‍ക്കട്ടേയെന്നും സ്വകാര്യത മാനിക്കണമെന്നും താരം പറയുന്നു.

''ഒന്നര വര്‍ഷത്തോളം വേര്‍പിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയില്‍ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതല്‍ സന്തോഷകരവും ആരോഗ്യകരവുമായ രീതിയില്‍ തുടരും. ഞങ്ങള്‍ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വളരെ വ്യക്തിപരമാണ്.

ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇടയില്‍ മാത്രം അത് നിലനില്‍ക്കും. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. ഞങ്ങളെ അവര്‍ മനസിലാക്കി എന്നതില്‍ ഞങ്ങള്‍ ശരിക്കും നന്ദിയുള്ളവരാണ്. ഈ പരിവര്‍ത്തന സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

ഞങ്ങളുടെ ദുഷ്‌കരമായ നിമിഷങ്ങളില്‍ ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളേക്കാള്‍ വലുതാണ്. സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ദയവായി ഞങ്ങള്‍ക്ക് ഇടം നല്‍കുക. ജീവിക്കൂ... ജീവിക്കാന്‍ അനുവദിക്കൂ.''വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത കുറിച്ച വാക്കുകള്‍.

വിനായകുമായുള്ള സൗഹൃദത്തെക്കുറിച്ച് വിവാഹ സമയത്ത് ഹരിത പറഞ്ഞത്, ''ഞാനും വിനായകും വളരെ ചെറുപ്പം മുതലേ ഉള്ള അടുത്ത കൂട്ടുകാരാണ്. ഒരു ക്ലാസ്സിലും നമ്മള്‍ ഒരുമിച്ചു പഠിച്ചിട്ടില്ല. ഞങ്ങള്‍ ഒരു എട്ടുപേരായിരുന്നു കൂട്ടുകാര്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന വരെ ആരാണ് ബെസ്റ്റ് ഫ്രണ്ട് എന്ന് ചോദിക്കുമ്പോള്‍ എന്റെ അമ്മയുടെ പേരാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അപ്പോള്‍ എനിക്ക് തോന്നി ഇനി ഒരു കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ പേര് പറയണം എന്ന്. അങ്ങനെയാണ് വിനായകിനെ ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആക്കുന്നത്.

ഞാന്‍ എന്നോട് തന്നെ എടുത്ത പ്രോമിസ് ആണ് വിനായക് എന്ന ബെസ്റ്റ് ഫ്രണ്ട്. ഞാന്‍ എന്നോട് പറയുന്ന സത്യങ്ങള്‍ ഒക്കെയും എനിക്ക് വിലപ്പെട്ടതാണ്. പക്ഷേ അവനു അത്ര വലിയ ഒരു സംഭവം ഒന്നും ഉണ്ടായിരുന്നില്ല. പത്താം ക്ളാസ് കഴിഞ്ഞപ്പോള്‍ അവന്‍ എഡിറ്റിങ് കോഴ്‌സ് ഒക്കെ പഠിക്കാന്‍ പോയി. ഞാന്‍ എങ്കിലും അവനെ ഇടക്കിടക്ക് വിളിക്കും. പ്ലസ്ടു കഴിഞ്ഞപ്പോഴും ഞാന്‍ വിളിക്കും അങ്ങനെ ആയിരുന്നു. ഞങ്ങള്‍ നല്ല കൂട്ടുകാര്‍ ആണെന്ന് അറിയാമായിരുന്നു. അല്ലാതെ പ്രണയം ഒന്നും നമുക്കിടയില്‍ ഉണ്ടായിരുന്നില്ല. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ കുടുംബം ഒന്നായി. അവന്റെ കുടുംബം എന്റെ കുടുംബം പോലെയും എന്റെ കുടുംബം അവന്റെ കുടുംബം പോലെയും ആയി. അങ്ങനെ വീട്ടുകാര്‍ ആണ് ഞങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനം എടുത്തത്,ആദ്യം ഞങ്ങള്‍ രണ്ടാളും വേണ്ട എന്ന തീരുമാനത്തില്‍ ആയിരുന്നു.

ഏഷ്യാനെറ്റിലെ കസ്തൂരിമാന്‍ എന്ന പരമ്പരയിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഹരിത അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് തിങ്കള്‍ക്കലമാന്‍ എന്ന പരമ്പരയിലെ കീര്‍ത്തി എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. നഴ്‌സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു റിയാലിറ്റി ഷോയിലേക്കും അവിടെനിന്ന് അഭിനയത്തിലേക്കും ഹരിത എത്തിയത്.

Tags:    

Similar News