നീ എന്റെ ജീവിതത്തിലേക്ക് വന്ന ഭാഗ്യമാണ്; നിന്നെ ഒരുപാട് മിസ് ചെയ്യുന്നു; എത്ര അകലെയാണെങ്കിലും മനസ് നിന്നോടൊപ്പം; നൂബിനോട് ഹൃദയം തുറന്ന് ബിന്നി
കൊച്ചി: 'ഗീതാഗോവിന്ദം' പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയും ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥിയുമായ ബിന്നി സെബാസ്റ്റ്യൻ ഭർത്താവ് നൂബിന് വിവാഹ വാർഷിക ആശംസകളുമായി എത്തി. ബിഗ് ബോസ് വീട്ടിലിരിക്കുന്നതിനാൽ ഭർത്താവിന് നേരിട്ട് ആശംസകൾ അറിയിക്കാൻ സാധിക്കാത്തതിന്റെ വിഷമം പങ്കുവെച്ചാണ് ബിന്നി സ്നേഹ സന്ദേശം നൽകിയത്.
"നമ്മൾ ഒരുമിച്ചുള്ള മൂന്ന് വർഷങ്ങൾ. ഇത്തവണ നമ്മൾ അകലങ്ങളിലാണ്. ഈ വിവാഹ വാർഷിക ദിനത്തിൽ നിനക്ക് നേരിട്ട് ആശംസകൾ അറിയിക്കാൻ സാധിക്കാത്തതിൽ എനിക്ക് വളരെയധികം വിഷമമുണ്ട്. പക്ഷേ എന്റെ മനസ് നിന്നോടൊപ്പമാണ്. എന്റെ കരുത്തും ആശ്വാസവും ആയിരിക്കുന്നതിന് നിനക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ എന്റെ ജീവിതത്തിലേക്ക് വന്ന ഭാഗ്യമാണ്. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറം ഞാൻ നിന്നെ മിസ് ചെയ്യുന്നു. വിവാഹ വാർഷികാശംസകൾ," ബിന്നി തന്റെ ഭർത്താവിനൊപ്പമുള്ള വിവാഹ ചിത്രം പങ്കുവെച്ച് ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.
താൻ ബിഗ് ബോസ് ഹൗസിൽ വെച്ച് നൂബിനെ തനിക്ക് ലഭിച്ചതിൽ ഭാഗ്യവതിയാണെന്ന് ബിന്നി മുമ്പ് പറഞ്ഞിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ഒറ്റപ്പെടലിന്റെ തീവ്രത അറിഞ്ഞ വ്യക്തിയാണ് ബിന്നി. മൂന്നു വയസ്സുള്ളപ്പോൾ അമ്മ വിദേശത്തേക്ക് പോവുകയും അച്ഛനൊപ്പമല്ലാതെ വരികയും സഹോദരൻ ഹോസ്റ്റലിലാവുകയും ചെയ്തതോടെയാണ് ബിന്നി ഈ ദുരവസ്ഥ അനുഭവിച്ചത്.
ബിന്നിയുടെ ഈ സ്നേഹ സന്ദേശത്തിന് നിരവധി സെലിബ്രിറ്റികളടക്കം നിരവധി പേർ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഭർത്താവിനെക്കുറിച്ചുള്ള ബിന്നിയുടെ വികാരനിർഭരമായ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.