പണ്ട് ആ പരിപാടി കണ്ടിട്ട് അതുപോലെ ഇമിറ്റേറ്റ് ചെയ്യുമായിരുന്നു; പിന്നെ ആളുടെ മൂഡ് എന്താണെന്നു നോക്കി മാത്രം പെരുമാറും; രഹസ്യങ്ങൾ പരസ്യമാക്കി പേളി മാണി
തന്റെ അവതരണ ശൈലിയെക്കുറിച്ചും താല്പര്യത്തെക്കുറിച്ചും പേളി മനസു തുറന്നു. കോയമ്പത്തൂരിൽ ജനിച്ചുവളർന്ന പിതാവിലൂടെയാണ് പേളി തമിഴ് ഭാഷയുമായി അടുപ്പത്തിലായത്. ചെറുപ്പത്തിൽ കണ്ടിരുന്ന 'പെപ്സി ഉങ്കൾ ചോയ്സ്' എന്ന തമിഴ് ടെലിവിഷൻ പരിപാടിയിലെ അവതാരക ഉമയെ അനുകരിച്ചാണ് തനിക്ക് അവതരണത്തിൽ താല്പര്യം തോന്നിയതെന്ന് പേളി വെളിപ്പെടുത്തി. "അതുപോലെ ഇമിറ്റേറ്റ് ചെയ്യുമായിരുന്നു. അങ്ങനെയാണ് ആങ്കറിങ്ങിലുള്ള താത്പര്യം കാണിച്ചു തുടങ്ങിയത്," പേളി പറഞ്ഞു.
അഭിമുഖങ്ങൾക്കായി എങ്ങനെയാണ് തയ്യാറെടുക്കുന്നതെന്നും പേളി വിശദീകരിച്ചു. "ഓരോ ഇന്റർവ്യൂ നടത്തുന്നതിനും രണ്ടു ദിവസം മുൻപ് ഞാൻ ഇരുന്നു ചോദ്യങ്ങൾ തയ്യാറാക്കും. എന്നാൽ അമിതമായ തയ്യാറെടുപ്പ് നടത്തില്ല. എന്റെ സ്വാഭാവികമായ രീതിയിൽ മുന്നോട്ട് പോകാനാണ് ശ്രമിക്കാറ്. അതിഥിയെക്കുറിച്ച് പ്രാഥമികമായി കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം, അവരുടെ മാനസികാവസ്ഥക്ക് അനുസരിച്ച് അഭിമുഖം മുന്നോട്ട് കൊണ്ടുപോകും. എന്റെ അഭിമുഖം വിജയിച്ചാൽ അതിൻ്റെ ക്രെഡിറ്റ് അതിഥിക്ക് തന്നെ ലഭിക്കണമെന്നാണ് എൻ്റെ ആഗ്രഹം. അവരുടെ ഊർജ്ജമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്," പേളി കൂട്ടിച്ചേർത്തു.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ പേളി, ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ നടൻ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായി വിവാഹിതയായിരുന്നു. അവതാരക, മോട്ടിവേഷണൽ സ്പീക്കർ, സംരംഭക, യൂട്യൂബർ എന്നീ നിലകളിലെല്ലാം പേളി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ഈ പുരസ്കാരം പേളിയുടെ വളർന്നുവരുന്ന കരിയറിന് കൂടുതൽ അംഗീകാരം നൽകുന്നു.