'ജോർജ് സാർ എന്ന പേര് കേൾക്കുമ്പോൾ ഇപ്പോൾ അസ്വസ്ഥതയാണ്'; അടുത്ത പടത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമല്ലെന്നും പ്രകാശ് വർമ

Update: 2026-01-30 12:06 GMT

കൊച്ചി: 'തുടരും' എന്ന ചിത്രത്തിലെ ജോർജ് സാർ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടനാണ് പ്രകാശ് വർമ്മ. ഇപ്പോൾ ആ കഥാപാത്രത്തിന്റെ പേരിൽ മാത്രം അറിയപ്പെടുന്നത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ചിത്രത്തിലെ "ഹലോ" എന്ന ജോർജ് സാറിന്റെ ഡയലോഗ് വലിയ ഹിറ്റായിരുന്നു.

പ്രേക്ഷകർ തന്നെ ജോർജ് സാർ എന്ന് വിളിക്കുന്നത് സ്നേഹത്തോടെയാണെങ്കിലും, പ്രകാശ് വർമ്മ എന്ന വ്യക്തിയെ മറികടന്ന് കഥാപാത്രം വളരുന്നത് ചിലപ്പോൾ അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്ന് പ്രകാശ് വർമ്മ പറഞ്ഞു. എന്നാൽ, ഒരു നടൻ എന്ന നിലയിൽ തന്റെ കഥാപാത്രം വ്യക്തിയെക്കാൾ വളരുന്നത് നല്ല കാര്യമാണെന്നും, വില്ലൻ കഥാപാത്രങ്ങളിലൂടെ വെറുക്കപ്പെടുന്നതിന് പകരം മാസങ്ങളായി പ്രേക്ഷകരുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞത് ആ കഥാപാത്രം വിജയിച്ചു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും പ്രകാശ് വർമ്മ മറുപടി നൽകി. പരസ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി ജോലികൾക്കിടയിൽ തനിക്ക് ചെയ്യാൻ കഴിയുന്ന പ്രോജക്റ്റുകൾ മാത്രമേ ഇപ്പോൾ ഏറ്റെടുക്കുന്നുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പുതിയ ചിത്രം തിരഞ്ഞെടുക്കാൻ കാരണം, അതിന്റെ സംവിധായകൻ രഞ്ജിത്ത് അസാധ്യനായ ഒരു എഴുത്തുകാരനാണ് എന്നതാണെന്നും പ്രകാശ് വർമ്മ പറഞ്ഞു.

രഞ്ജിത്തിനൊപ്പം സിനിമ ചെയ്യുന്നത് താൻ ആസ്വദിക്കുകയാണെന്നും, ഇതൊരു സാധാരണ ചിത്രമാണെന്നും, നെഗറ്റീവ് ഷേഡുള്ള കഥാപാത്രമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. രഞ്ജിയേട്ടൻ തനിക്ക് വ്യത്യസ്തമായി അഭിനയിക്കാൻ ഇടം ഒരുക്കിയിട്ടുണ്ടെന്നും, ചിത്രത്തെക്കുറിച്ച് ഇപ്പോൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും പ്രകാശ് വർമ്മ കൂട്ടിച്ചേർത്തു.

Tags:    

Similar News