'ദേശീയ പുരസ്കാരങ്ങൾ ഫയല്‍സിനും പൈല്‍സിനും, അവർ മമ്മൂക്കയെ അര്‍ഹിക്കുന്നില്ല'; കേരളത്തിലെ ജൂറി ചെയർമാനായി വിളിച്ചപ്പോൾ സന്തോഷം തോന്നി; തീരുമാനങ്ങളിൽ കൈകടത്തില്ലെന്ന് ഉറപ്പ്ലഭിച്ചിരുന്നതായും പ്രകാശ് രാജ്
തിരുവനന്തപുരം: ദേശീയ പുരസ്കാരങ്ങൾ കോംപ്രമൈസ് ചെയ്യപ്പെട്ടുവെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതി ചെയര്‍മാന്‍ പ്രകാശ് രാജ്. ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്നും ഫയല്‍സിനും പൈല്‍സിനും അവാര്‍ഡ് കിട്ടുന്നത് എന്തുകൊണ്ടെന്ന് നമുക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെപ്പോലൊരു നടനെ ദേശീയ പുരസ്‌കാരം അർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഭ്രമയുഗത്തിലെ' പ്രകടനത്തിലൂടെയാണ് മമ്മൂട്ടി എട്ടാമത് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയത്. ആസിഫ് അലിയുടെയും ടൊവിനോ തോമസിന്റെയും പ്രകടനങ്ങളെ പിന്തള്ളിയാണ് മമ്മൂട്ടിയുടെ ഈ നേട്ടം. മമ്മൂട്ടിയുടെ പ്രകടനം അവാർഡിന് അർഹതപ്പെട്ടതാണെന്ന് പ്രകാശ് രാജ് വിശദീകരിച്ചു.'മമ്മൂക്ക മത്സരിച്ചത് യുവാക്കളോടൊപ്പമാണ്. പക്ഷെ അദ്ദേഹത്തെ മുതിർന്ന നടനായോ യുവാക്കളെ യുവനടന്മാരായോ ഞങ്ങൾ കണ്ടില്ല.' പ്രകാശ് രാജ് പറഞ്ഞു
'ഭ്രമയുഗത്തിലെ' അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം കൊണ്ടുവന്ന സൂക്ഷ്മഭാവങ്ങൾ വളരെ ശക്തമായിരുന്നു. യുവാക്കൾക്ക് അവിടേക്ക് എത്തേണ്ടതുണ്ട്. എങ്കിലും ടൊവിനോയുടെയും ആസിഫ് അലിയുടെയും ശ്രമങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. പക്ഷെ മമ്മൂട്ടിയുടെ പ്രകടനത്തിന്റെ തലം വളരെ ഉയർന്നതായിരുന്നു. അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, തന്റെ പ്രകടനത്തിലുള്ള അദ്ദേഹത്തിന്റെ നിയന്ത്രണം അപാരമാണ്. യുവാക്കൾ അദ്ദേഹത്തെ കണ്ടുപഠിക്കണം പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
കേരളത്തിലെ ജൂറി ചെയർമാനായി വിളിച്ചപ്പോൾ സന്തോഷം തോന്നിയെന്നും, പുറത്തുനിന്നുള്ളൊരാൾ വേണമെന്നും തീരുമാനങ്ങളിൽ കൈകടത്തില്ലെന്നുമുള്ള ഉറപ്പ് ലഭിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ദേശീയ പുരസ്‌കാരങ്ങളിൽ ഇത് നടക്കുന്നില്ലെന്നും, ഫയലുകൾക്കും പേപ്പറുകൾക്കും പുരസ്‌കാരം ലഭിക്കുമ്പോൾ അതിന് പിന്നിൽ എന്താണെന്ന് നമുക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.