അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയിൽ പുരോഗതി: വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതർ
കൊച്ചി: പ്രമുഖ ടെലിവിഷൻ അവതാരകനും നടനുമായ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്റർ സഹായത്തിൽ നിന്ന് മാറ്റിയതായി കൊച്ചി ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. രക്തസമ്മർദം സാധാരണ നിലയിലാണെങ്കിലും, നിലവിൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷിച്ചു വരികയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാജേഷ് കേശവിന് ചികിത്സ നൽകുന്നത്.
കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് 47-കാരനായ രാജേഷ് കേശവ് കുഴഞ്ഞുവീണത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ, ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം വളരെ താഴ്ന്ന രക്തസമ്മർദ്ദം കാരണം ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, ആശുപത്രി അധികൃതരുടെ അറിയിപ്പ് അനുസരിച്ച് നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.
ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ രാജേഷ്, മലയാളത്തിലെ നിരവധി ജനപ്രിയ റിയാലിറ്റി ഷോകളും ടോക്ക് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്. 'ബ്യൂട്ടിഫുൾ', 'ട്രിവാൻഡ്രം ലോഡ്ജ്', 'ഹോട്ടൽ കാലിഫോർണിയ', 'നീന', 'തട്ടും പുറത്ത് അച്യുതൻ' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.