'എന്റെ എല്ലാ സിനിമകൾക്കും ആധാരം രാമായണവും, ശ്രീരാമനും'; 'വാരണാസി'യി അത് അങ്ങനെ തന്നെ; മനുഷ്യബന്ധങ്ങൾക്കും വികാരങ്ങൾക്കുമാണ് ചിത്രത്തിൽ പ്രാധാന്യമെന്നും രാജമൗലി
ഹൈദരാബാദ്: തന്‍റെ എല്ലാ സിനിമകളും ശ്രീരാമനെയും രാമായണത്തെയും ആധാരമാക്കിയും അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുമാണ് നിർമിച്ചിട്ടുള്ളതെന്നാണ് എസ്. എസ് രാജമൗലി. ന്യൂസ് വെബ്സൈറ്റായ പോളിഗണിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം അറിയിച്ചത്. 'വാരണാസി'യിലും രാമായണത്തിലെ ഒരു പ്രത്യേക സംഭവം നേരിട്ട് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അത് ചിത്രത്തിലെ ഒരു പ്രധാന ഭാഗമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമായണത്തെക്കുറിച്ച് ആഴത്തിൽ അറിവില്ലാത്ത പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാമായണ കഥയുമായി ആന്തരികമായ ബന്ധമുണ്ടെങ്കിലും മനുഷ്യബന്ധങ്ങൾക്കും വികാരങ്ങൾക്കുമാണ് ചിത്രത്തിൽ പ്രാധാന്യം നൽകുന്നത്. പ്രത്യേകിച്ചും അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം എല്ലാവർക്കും എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കുമെന്നും രാജമൗലി പറഞ്ഞു.
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരടക്കം വമ്പൻ താരനിര അണിനിരക്കുന്ന 'വാരണാസി' 1300 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രീകരണത്തിന്‍റെ ഭൂരിഭാഗവും വാരണാസിയുടെ പശ്ചാത്തലത്തിലാണെങ്കിലും, ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ 50 കോടി രൂപ ചെലവിൽ വാരണാസി നഗരത്തിന്‍റെ കൂറ്റൻ സെറ്റ് നിർമിച്ചാണ് ചിത്രീകരണം പുരോഗമിക്കുന്നത്. 2027 ഏപ്രിൽ 7-ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട വിവരം.