56-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ രജിനികാന്തിന് ആദരം; സമാപന ചടങ്ങിനെത്തിയത് മകൾ ഐശ്വര്യയ്‌ക്കൊപ്പം; പ്രേക്ഷകരുമായി സംവദിച്ച് സൂപ്പർസ്റ്റാർ

Update: 2025-11-28 16:48 GMT

ഗോവ: 56-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) സമാപന ചടങ്ങിൽ പങ്കെടുക്കുന്നതിനായി സൂപ്പർസ്റ്റാർ രജനികാന്ത് ഗോവയിലെത്തി. ഇന്ത്യൻ സിനിമയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ താരത്തെ മേളയിൽ ആദരിക്കും. സിനിമയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ മഹത്തായ കരിയറിനുള്ള അംഗീകാരമാണിത്. സമാപന ചടങ്ങിൽ രജനികാന്ത് പ്രേക്ഷകരുമായി സംവദിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. മകൾ ഐശ്വര്യ രജനികാന്തിനൊപ്പമാണ് താരം ഗോവയിൽ എത്തിയത്.

ഗോവ വിമാനത്താവളത്തിൽ നിന്ന് ഐഎഫ്എഫ്ഐ വേദിയിലേക്ക് എത്തിയ അദ്ദേഹത്തെ വലിയ ആവേശത്തോടെയാണ് ആരാധകരും സംഘാടകരും വരവേറ്റത്. പതിവ് ശൈലിയിൽ ലളിതമായ വേഷത്തിലായിരുന്നു രജനികാന്തിന്റെ എൻട്രി. ടീഷർട്ടും ട്രാക്ക് പാന്റും ധരിച്ചെത്തിയ അദ്ദേഹത്തെ വാദ്യമേളങ്ങളുടെയും ആരവങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. രജനികാന്തും മകൾ ഐശ്വര്യയും കാറിൽ വന്നിറങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

അതിവിപുലമായ ചലച്ചിത്ര പ്രദർശനങ്ങളോടെയാണ് ഇത്തവണ ഐഎഫ്എഫ്ഐ ശ്രദ്ധ നേടിയത്. എൺപത്തിയൊന്ന് രാജ്യങ്ങളിൽ നിന്നുള്ള 240-ലധികം സിനിമകൾ മേളയിൽ പ്രദർശനത്തിനെത്തി. ഇതിൽ 13 ലോക പ്രീമിയറുകൾ, അഞ്ച് രാജ്യാന്തര പ്രീമിയറുകൾ, 44 ഏഷ്യൻ പ്രീമിയറുകൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഇതിഹാസങ്ങളായ ഗുരു ദത്ത്, രാജ് ഖോസ്ല, ഋത്വിക് ഘട്ടക്, പി ഭാനുമതി, ഭൂപൻ ഹസാരിക, സലിൽ ചൗധരി തുടങ്ങിയവരുടെ സ്മരണകൾക്ക് മേള ആദരമർപ്പിച്ചു. ഇവരുടെ ക്ലാസിക് സിനിമകളുടെ പുതുക്കിയ പതിപ്പുകൾ ആദരസൂചകമായി പ്രദർശിപ്പിച്ചു.

Tags:    

Similar News