'അവാർഡ് ലഭിച്ചില്ലേ.. ഇനിയിപ്പോ ദാദാസാഹേബ് ഫാൽക്കെയുടെ ബയോപിക്കിൽ അഭിനയിക്കാൻ മോഹൻലാൽ തന്നല്ലേ അനുയോജ്യൻ'; വീണ്ടും പോസ്റ്റുമായി രാം ഗോപാൽ വർമ്മ
മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം പ്രശസ്ത നടൻ മോഹൻലാലിന് ലഭിച്ചതിന് പിന്നാലെ സംവിധായകൻ രാം ഗോപാൽ വർമ്മയുടെ പ്രതികരണങ്ങൾ വീണ്ടും ചർച്ചയാകുന്നു. ദാദാസാഹേബ് ഫാൽക്കെയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക് സിനിമയിൽ അദ്ദേഹത്തിൻ്റെ വേഷം മോഹൻലാൽ അവതരിപ്പിക്കണമെന്ന നിർദ്ദേശമാണ് രാം ഗോപാൽ വർമ്മയുടെ ഏറ്റവും പുതിയ ട്വീറ്റ് വഴി പങ്കുവെച്ചിരിക്കുന്നത്.
'ദാദാസാഹേബ് ഫാൽക്കെയുടെ ബയോപിക്കിൽ അദ്ദേഹമായി അഭിനയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി മോഹൻലാൽ ആയിരിക്കില്ലേ?' എന്ന ചോദ്യത്തോടെയാണ് രാം ഗോപാൽ വർമ്മയുടെ ട്വീറ്റ് ആരംഭിക്കുന്നത്. ഇതിന് മുൻപ്, മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ, 'ദാദാസാഹേബ് ഫാൽക്കെയ്ക്ക് ഒരു 'മോഹൻലാൽ അവാർഡ്' നൽകണം' എന്ന തലക്കെട്ടോടെ രാം ഗോപാൽ വർമ്മ പങ്കുവെച്ച പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു.
രാം ഗോപാൽ വർമയുടെ പ്രശംസയോട് മോഹൻലാൽ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാമർശം ഒരു ബ്ലാക്ക് ഹ്യൂമർ ആയിട്ടെ താൻ കാണുന്നുളളൂവെന്നും. അദ്ദേഹവുമായി വളരെയധികം സൗഹൃദമുള്ള ആളാണ് താനെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാം ഗോപാൽ വർമ്മയുടെ പുതിയ പോസ്റ്റ് സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.