രജനികാന്ത് നല്ല നടനോ? സിനിമയില്‍ സ്ലോ മോഷന്‍ ഇല്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ? സൂപ്പര്‍ സ്റ്റാറിനെതിരെ രാം ഗോപാല്‍ വര്‍മ

രജനികാന്ത് നല്ല നടനോ? സിനിമയില്‍ സ്ലോ മോഷന്‍ ഇല്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ?

Update: 2025-02-12 10:33 GMT

ഹൈദാരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. സ്ലോ മോഷന്‍ രംഗങ്ങള്‍ ഇല്ലാതെ നടന്‍ രജനികാന്തിന് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുമോയെന്ന് രാം ഗോപാല്‍ വര്‍മ ആരായുന്നു. അദ്ദേഹം ഒരു നല്ല നടനാണെന്ന് തനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നും സത്യ എന്ന ചിത്രത്തില്‍ മനോജ് ബാജ്‌പേയി ചെയ്തതുപോലൊരു കഥാപാത്രം രജനികാന്തിന് ചെയ്യാന്‍ കഴിയില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ താരവും നടനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കവെയാണ് രജനിയെക്കുറിച്ച് പറഞ്ഞത്.

' അഭിനയം എന്നത് കഥാപാത്രത്തെ സംബന്ധിച്ചും പ്രകടനമെന്നത് താരത്തെ സംബന്ധിച്ചുമാണ്. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രജനികാന്ത് നല്ലൊരു നടനാണോ ? എനിക്ക് അറിയില്ല. രജനികാന്തിന് സത്യ എന്ന ചിത്രത്തില്‍ മനോജ് ബാജ്‌പേയി ചെയ്ത ഭിഖു മഹ്‌ത്രേ എന്ന കഥാപാത്രം ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. രജനികാന്തിന്റെ കാര്യത്തില്‍, അദ്ദേഹത്തിന് സ്ലോ മോഷന്‍ ഇല്ലാതെ സിനിമയില്‍ നിലനില്‍ക്കാന്‍ പറ്റുമോ? എനിക്ക് അറിയില്ല. സിനിമയുടെ പകുതിവരെ പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ സ്ലോ മോഷനില്‍ നടക്കുന്ന രജനിയെ കാണാന്‍ പ്രേക്ഷകര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. അങ്ങനെ കാണാനാണ് അവര്‍ക്ക് ഇഷ്ടം'- രാം ഗോപാല്‍ വര്‍മ പറഞ്ഞു.

രംഗീല, കമ്പനി, സത്യ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. അടുത്തിടെ വരാനിരിക്കുന്ന പൃഥ്വിരാജ്- മോഹന്‍ലാല്‍ ചത്രമായ എമ്പുരാനെ പ്രശംസിച്ച് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. അതുപോലെ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയേയും അഭിനന്ദിച്ചിരുന്നു.

Tags:    

Similar News