'ആ രംഗം തിയേറ്ററുകളിൽ വലിയ ചിരിയുണർത്തി, പക്ഷെ പിന്നീട് ആ വേഷം ധരിച്ചിട്ടില്ല'; ഷർവാണി ഇട്ടാൽ അപ്പോൾ നല്ലവനായ ഉണ്ണി എന്ന പേര് വരും; അനുഭവം തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി

Update: 2025-10-29 08:45 GMT

കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ 'അമർ അക്ബർ അന്തോണി'യിൽ തനിക്ക് ലഭിച്ച വേഷം കാരണം പിന്നീട് ഷർവാണി ധരിക്കാറില്ലെന്ന് നടൻ രമേശ് പിഷാരടി. ചിത്രത്തിൽ 'നല്ലവനായ ഉണ്ണി' എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പിഷാരടി ഇക്കാര്യം വെളിപ്പെടുത്തിയത്.

2015-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. സിനിമയിൽ ഉണ്ണിയുടെ അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ ഷർവാണി ധരിച്ച് വരുന്ന ഒരു രംഗമുണ്ട്. ഈ രംഗം തിയേറ്ററുകളിൽ വലിയ ചിരിയുണർത്തിയിരുന്നു. എന്നാൽ, ഈ രംഗത്തിന്റെ ഓർമ്മ കാരണം വിവാഹങ്ങൾക്കോ മറ്റ് ചടങ്ങുകൾക്കോ പോലും ഷർവാണി ധരിച്ച് പോകാറില്ലെന്ന് പിഷാരടി പറഞ്ഞു. 'ഇത് ഇട്ടാൽ അപ്പോൾ നല്ലവനായ ഉണ്ണി എന്ന പേര് വരും,' അദ്ദേഹം കൂട്ടിച്ചേർത്തു.

നാദിർഷ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ഒരുക്കിയത്. നമിത പ്രമോദായിരുന്നു ചിത്രത്തിലെ നായിക. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ചു. മീനാക്ഷി അനൂപ്, വി.കെ. ശ്രീരാമൻ, കലാഭവൻ ഷാജോൺ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. ഏകദേശം 50 കോടി രൂപയോളം ചിത്രം ബോക്സോഫീസിൽ കളക്ഷൻ നേടി. 'ജോൺ ജാനി ജനാർദ്ദൻ' എന്ന പേരിൽ ചിത്രം കന്നഡയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News