'മച്ചാ, നോക്ക് ദുൽഖറും നിവിനും ചെറുപ്പക്കാർ, നമ്മൾ റിട്ടയർ ആയ മധ്യവയസ്കർ'; ആഗ്രഹിച്ചത് ദുൽഖറിന്റെ റോൾ,ലഭിച്ചത് ഫഹദിന്റേത്; ആ ചിത്രം തമിഴിൽ റീമേക്ക് ചെയ്ത് നശിപ്പിച്ചുവെന്നും റാണ ദഗുബാട്ടി
ചെന്നൈ: മലയാളത്തിൽ വൻ വിജയമായിരുന്ന 'ബാംഗ്ലൂർ ഡേയ്സ്' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് പരാജയപ്പെട്ടതിനെക്കുറിച്ച് നടൻ റാണ ദഗുബാട്ടി നടത്തിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തമിഴിൽ റീമേക്ക് ചെയ്തപ്പോൾ യഥാർത്ഥ ചിത്രത്തെ നശിപ്പിച്ചു കളഞ്ഞുവെന്നാണ് റാണയുടെ വെളിപ്പെടുത്തൽ. പുതിയ ചിത്രം 'കാന്ത'യുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ബാംഗ്ലൂർ ഡേയ്സ്' എന്ന ചിത്രത്തിലെ ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രത്തോടാണ് തനിക്ക് ആദ്യം ഇഷ്ടം തോന്നിയതെന്നും എന്നാൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രം ചെയ്യാനാണ് തനിക്ക് അവസരം ലഭിച്ചതെന്നും റാണ പറഞ്ഞു. തമിഴിൽ റീമേക്ക് ചെയ്ത 'ബാംഗ്ലൂർ നാട്ട്ക്കൾ' എന്ന ചിത്രത്തിൽ താൻ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. സഹനടൻ ആര്യ, ദുൽഖർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ചെയ്തത്. ഷൂട്ടിങ്ങിനിടെ ആര്യ പറഞ്ഞ വാക്കുകൾ റാണ വെളിപ്പെടുത്തി: 'മച്ചാ, നോക്ക് ദുൽഖറും നിവിനും ചെറുപ്പക്കാരായ പിള്ളേരാണ്. നമ്മളെ കണ്ടാൽ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്കരെ പോലെയുണ്ട്.'
ഭാസ്കർ സംവിധാനം ചെയ്ത 'ബാംഗ്ലൂർ നാട്ട്ക്കൾ' എന്ന ചിത്രത്തിൽ റാണ ദഗുബാട്ടി, ആര്യ, ബോബി സിംഹ, പാർവതി തിരുവോത്ത്, ലക്ഷ്മി റായ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എന്നാൽ, മലയാളത്തിലെ വിജയം ആവർത്തിക്കാൻ ഈ ചിത്രത്തിനോ ഇതിന്റെ ഹിന്ദി പതിപ്പിനോ സാധിച്ചില്ല. 'ബാംഗ്ലൂർ ഡേയ്സ്' റീമേക്ക് പരാജയപ്പെട്ടതിനെക്കുറിച്ചുള്ള റാണയുടെ ഈ തുറന്നുപറച്ചിൽ സിനിമാലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.