'ആ വാർത്ത അറിഞ്ഞയുടനെ സോഷ്യൽ മീഡിയ ടീമിനോട് അഭിനന്ദന സന്ദേശമയക്കാൻ പറഞ്ഞു'; മോഹൻലാലിനെ കാണുമ്പോൾ സ്വന്തം നാട്ടുകാരനെ കാണുന്ന ഫീലാണെന്ന് ഋഷഭ് ഷെട്ടി

Update: 2025-09-25 17:27 GMT

കൊച്ചി: മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനോട് തനിക്കുള്ള വ്യക്തിപരമായ സ്നേഹബന്ധത്തെയും ആരാധനയെയും കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കൊച്ചിയിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോഹൻലാലിനെ കാണുമ്പോൾ സ്വന്തം നാട്ടുകാരനെ കാണുന്ന ഒരു ഫീലാണ് തനിക്കുണ്ടാകുന്നതെന്നും, ഒരു ബന്ധുവിനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.

കന്നഡ സിനിമാ രംഗത്ത് തൻ്റെ ഇഷ്ടനടൻ ഡോ. രാജ്കുമാർ ആണെങ്കിലും, മലയാളത്തിൽ മോഹൻലാലിനോട് ഒരു പ്രത്യേക വൈകാരിക അടുപ്പം തോന്നുന്നുണ്ടെന്ന് താരം പറഞ്ഞു. മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ വലിയ സന്തോഷം തോന്നി. ഈ വാർത്ത അറിഞ്ഞയുടൻതന്നെ തൻ്റെ സോഷ്യൽ മീഡിയ ടീമിനോട് അഭിനന്ദന സന്ദേശം പങ്കുവെക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് കൊല്ലൂർ മൂകാംബികയിൽ വെച്ച് മോഹൻലാലിനെ കണ്ടുമുട്ടിയതിൻ്റെ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.

ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന 'കാന്താര ചാപ്റ്റർ 1' ഒക്ടോബർ 2-ന് റിലീസിനെത്തുകയാണ്. 2022-ൽ പുറത്തിറങ്ങിയ 'കാന്താര'യുടെ പ്രീക്വൽ ആയാണ് ഈ ചിത്രമെത്തുന്നത്. രാജ്യത്തുടനീലം 7,000 സ്ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ഏറ്റെടുത്തിരിക്കുന്നത്.

Tags:    

Similar News