എനിക്ക് നഷ്ടപ്പെട്ടത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളെ; അയാളുടെ മരണശേഷം എനിക്ക് ദുഃഖിക്കാന്‍ പോലും അവസരം ഇല്ലായിരുന്നു; റിയ ചക്രബര്‍ത്തി
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണശേഷം തനിക്ക് ദുഃഖിക്കാന്‍ പോലും അവസരം ലഭിച്ചിരുന്നില്ലെന്ന് നടി റിയാ ചക്രബര്‍ത്തി. എന്‍ഡിടിവി സംഘടിപ്പിച്ച യുവ 2025 കോണ്‍ക്ലേവ് സെഷനിലായിരുന്നു റിയയുടെ പ്രതികരണം. എന്റെ ദുഃഖം അവസാനിച്ചതല്ല. അത് ഇപ്പോള്‍ വ്യക്തിപരമായി സൂക്ഷിക്കുകയാണ്. ഇന്ന് ഞാന്‍ താരതമ്യേന സന്തോഷവതിയാണ്. എന്നാല്‍ ആ സന്തോഷം, അനുഭവിച്ച തീവ്രമായ മാനസികാഘാതത്തിന്റെ ബാക്കി മാത്രമാണ്,' റിയ പറഞ്ഞു.
സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയപ്പോഴും തനിക്ക് സന്തോഷം തോന്നിയില്ലെന്നും റിയ പറഞ്ഞു. 'എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടപ്പെട്ടു. അത് ഒന്നിനാലും മാറാനാവില്ല. എങ്കിലും എന്റെ മാതാപിതാക്കള്‍ക്കുവേണ്ടി ആശ്വാസം തോന്നി. അവരുടെ ജീവിതം അതീവ ദുഷ്‌കരമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നുവെന്നുറപ്പായത് എനിക്ക് വലിയ ആശ്വാസം നല്‍കി,' റിയ കൂട്ടിച്ചേര്‍ത്തു.
'ക്ലീന്‍ ചിറ്റിന്റെ വാര്‍ത്ത ആദ്യം അമ്മ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മാധ്യമങ്ങള്‍ പലപ്പോഴും വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നായിരുന്നു എന്റെ ധാരണ. അഭിഭാഷകന്‍ സ്ഥിരീകരിച്ച ശേഷമാണ് യാഥാര്‍ത്ഥ്യം മനസ്സിലായത്,' അവര്‍ പറഞ്ഞു. 'അന്ന് വീട്ടില്‍ എല്ലാവരും കരഞ്ഞു. ഞാന്‍ സഹോദരനെ ചേര്‍ത്തുപിടിച്ച് കരഞ്ഞു. മാതാപിതാക്കളെ നോക്കിയപ്പോള്‍ ഞങ്ങളുടെ ജീവിതം ഒരിക്കലും പഴയ പോലെ ആയിരിക്കില്ലെന്ന് തിരിച്ചറിഞ്ഞു,' റിയാ ചക്രബര്‍ത്തി വെളിപ്പെടുത്തി.