'തിരിഞ്ഞ് നോക്കിയപ്പോൾ ഷാരൂഖ് ഖാന്‍ മൂലയ്ക്ക് നിന്ന് സിഗരറ്റു വലിക്കുന്നു, കണ്ടതും ഞാന്‍ സ്റ്റക്കായി'; റോഹന്‍ എന്നായിരുന്നു വിളിച്ചത്, പക്ഷെ ഞാൻ തിരുത്തിയില്ല; തുറന്ന് പറഞ്ഞ് റോഷൻ മാത്യു

Update: 2025-11-06 09:42 GMT

കൊച്ചി: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനുമായി സിനിമയുടെ സെറ്റിൽ നേരിട്ട് ഇടപഴകിയ അനുഭവം പങ്കുവെച്ച് യുവനടൻ റോഷൻ മാത്യു. ആലിയ ഭട്ടിനൊപ്പം അഭിനയിച്ച 'ഡാർലിങ്‌സ്' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ഷാരൂഖ് ഖാൻ ചിത്രീകരണം നടക്കുന്ന സെറ്റ് സന്ദർശിച്ചപ്പോഴുണ്ടായ അനുഭവമാണ് റോഷൻ ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുന്നത്.

'ഒരു ദിവസം ഷൂട്ട് കാണാൻ ഷാരൂഖ് ഖാൻ വന്നിരുന്നു. ഞാനൊരു ദിവസം സെറ്റില്‍ ചെന്നപ്പോള്‍ എല്ലാവരുടേയും മുഖം വല്ലാണ്ടിരിക്കുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ തിരിഞ്ഞുനോക്കാന്‍ പറഞ്ഞു. അവിടെ ഒരു മൂലയ്ക്കു നിന്ന് അദ്ദേഹം സിഗരറ്റ് വലിക്കുകയായിരുന്നു. അദ്ദേഹം ഒരു മൂലയ്ക്ക് നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി.' റോഷൻ പറഞ്ഞു.

ഷാരൂഖ് ഖാൻ കുറച്ചുനേരം ചിത്രീകരണം നിരീക്ഷിച്ച ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് മടങ്ങിയെന്നും റോഷൻ പറഞ്ഞു. 'അദ്ദേഹം പോകാൻ നേരത്ത് എന്നെ 'റോഹൻ' എന്ന് തെറ്റി വിളിച്ച് കെട്ടിപ്പിടിച്ചാണ് യാത്ര പറഞ്ഞത്. ഞാന്‍ എന്തോ മണ്ടത്തരമൊക്കെ പറഞ്ഞു. നമുക്ക് നമ്മുടെ പേരു പോലും മറന്നു പോകുന്ന അവസ്ഥയായിരുന്നു. എന്റെ പേര് തെറ്റിച്ചാണ് വിളിച്ചതെങ്കിലും ഞാൻ അത് തിരുത്തിയില്ല, ' റോഷൻ കൂട്ടിച്ചേർത്തു.

'ഡാർലിങ്‌സ്' എന്ന ചിത്രം ആലിയ ഭട്ടും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമ്മിച്ചത്. അനുരാഗ് കശ്യപ് ഒരുക്കിയ 'ചോക്ക്ഡ്' എന്ന ചിത്രത്തിലൂടെയാണ് റോഷൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 'ഡാർലിങ്‌സ്' ചിത്രത്തിൽ വിജയ് വർമ്മ, ഷെഫാലി ഷാ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

Tags:    

Similar News