'മിണ്ടാപ്രാണികളുടെ ജീവൻ അപകടത്തിലാകും'; ഡൽഹിയിലെ തെരുവുനായ്ക്കളെ മാറ്റാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി നടി സദ
ന്യൂഡൽഹി: ഡൽഹിയിലെ തെരുവുനായ്ക്കളെ എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി നടിയും വന്യജീവി ഫോട്ടോഗ്രാഫറുമായ സദ. ലക്ഷക്കണക്കിന് നായ്ക്കളെ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മാറ്റിപ്പാർപ്പിക്കുന്നത് അപ്രായോഗികമാണെന്നും ഇത് യഥാർത്ഥത്തിൽ ഒരു കൂട്ടക്കൊലയ്ക്കുള്ള വഴിയൊരുക്കലാണെന്നും അവർ ആരോപിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സദ തന്റെ ആശങ്കകൾ പങ്കുവെച്ചത്.
ഡൽഹിയിൽ അടുത്തിടെ ഒരു പെൺകുട്ടി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നായ്ക്കളെ മാറ്റാൻ നീക്കം നടക്കുന്നത്. എന്നാൽ, മൂന്നുലക്ഷത്തോളം വരുന്ന നായ്ക്കളെ ഉൾക്കൊള്ളാൻ ആവശ്യമായ ഷെൽട്ടറുകൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിർമ്മിക്കാൻ സർക്കാരിനോ തദ്ദേശ സ്ഥാപനങ്ങൾക്കോ സാധ്യമല്ലെന്ന് സദ ചൂണ്ടിക്കാട്ടി. 'ഇതൊരു കൂട്ടക്കൊലയായിരിക്കും. അവയെ കൊല്ലാൻ പോകുകയാണെന്ന് എന്തുകൊണ്ട് അംഗീകരിച്ചുകൂടാ?' എന്ന് അവർ വീഡിയോയിൽ ചോദിക്കുന്നു.
വർഷങ്ങളായി നിലവിലുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിൽ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് സദ കുറ്റപ്പെടുത്തി. ഈ പദ്ധതിക്കായി കൃത്യമായി ബഡ്ജറ്റ് വകയിരുത്തിയിട്ടും വന്ധ്യംകരണവും വാക്സിനേഷനും കൃത്യമായി നടത്തിയിരുന്നെങ്കിൽ ഈ ദുരവസ്ഥ ഒഴിവാക്കാമായിരുന്നുവെന്നും അവർ പറഞ്ഞു.
പ്രാദേശിക എൻ.ജി.ഒകളും മൃഗസ്‌നേഹികളും സ്വന്തം കയ്യിൽനിന്ന് പണം മുടക്കിയാണ് നായ്ക്കൾക്ക് ഭക്ഷണവും ചികിത്സയും നൽകുന്നതെന്നും വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തുന്നതെന്നും സദ വ്യക്തമാക്കി. ഈ പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്ന് യാതൊരുവിധ സഹായവും ലഭിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. മൃഗക്ഷേമ പ്രവർത്തകരുടെ ആശങ്കകളെ അവഗണിച്ച് അധികൃതർ മുന്നോട്ടുപോകുന്നത് നഗരത്തിലെ മിണ്ടാപ്രാണികളുടെ ജീവൻ അപകടത്തിലാക്കുമെന്നാണ് സദയുടെ നിലപാട്.