തുടര്‍ച്ചയായി കോളുകള്‍ എത്തുന്നു, സമാധാനം നഷ്ടമായി, ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല; മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു: 1.1 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട 'അമരന്‍ 'ന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് വിദ്യാര്‍ഥി
ചെന്നൈ: ശിവകാര്‍ത്തികേയന്‍- സായി പല്ലവി എന്നിവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രം 'അമരന്‍ 'ന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാര്‍ഥി. തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി വിവി വാഗീശന്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
തന്റെ നമ്പര്‍ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയില്‍ കാണിക്കുന്നതെന്ന് യുവാവ് പറയുന്നു. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് തുടര്‍ച്ചയായി കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി കോളുകളെത്തിയതോടെ ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്റെ ആവശ്യം.
ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ അമരന്‍, മികച്ച പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്. 2024 ഒക്ടോബര്‍ 31ന് റിലീസ് ചെയ്ത ചിത്രം, രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. മേജര്‍ മുകുന്ദായാണ് ശിവ കാര്‍ത്തികേയന്‍ വേഷമിട്ടത്. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തില്‍ ഭുവന്‍ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.