'പപ്പ മരിക്കാന്‍ പോവുകയാണോ? ചോരയില്‍ കുളിച്ച് എന്നോട് തൈമൂര്‍ ചോദിച്ചു'..., ആദ്യമായി പ്രതികരിച്ച് സെയ്ഫ് അലി ഖാന്‍

Update: 2025-02-10 08:03 GMT

തനിക്ക് നേരെയുണ്ടായിരുന്ന ആക്രമണത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍. ഡല്‍ഹി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് സംസാരിച്ചത്. കഴിഞ്ഞ മാസം 16ന് ആയിരുന്നു സെയ്ഫിന് മോഷ്ടാവില്‍ നിന്ന് കുത്തേറ്റത്. കേസിലെ പ്രതിയായ ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാമിനെ താനെയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ ആക്രമിക്കപ്പെട്ടത് കണ്ട് പപ്പാ മരിക്കാന്‍ പോവുകയാണോ എന്ന് മകന്‍ തൈമൂര്‍ ചോദിച്ചിരുന്നു എന്നാണ് സെയ്ഫ് പറയുന്നത്. ''അക്രമിയുടെ കുത്തേറ്റ് എന്റെ വസ്ത്രം ചോരയില്‍ കുതിര്‍ന്നിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിക്കാനായി വീടിന് പുറത്ത് വണ്ടി അന്വഷിക്കുകയായിരുന്നു കരീനയും മക്കളും. കരീന ആരെയൊക്കെയോ ഫോണില്‍ വിളിച്ചു.''

പക്ഷെ വണ്ടിയൊന്നും കിട്ടിയില്ല. എല്ലാവരും ആശങ്കയിലായി. കുഞ്ഞ് തൈമൂര്‍ എന്റെ മുഖത്ത് നോക്കി. എന്നോട് ചോദിച്ചു, പപ്പാ മരിക്കാന്‍ പോവുകയാണോ? എന്ന് ഞാന്‍ അല്ലെന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു. അവന്‍ എന്റെ കൂടെ ആശുപത്രിയിലേക്ക് വരുന്നു എന്ന് പറഞ്ഞു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ കൂടെയുണ്ടാവണമെന്ന് എനിക്ക് തോന്നി.''

''അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ തന്നെ എനിക്ക് ആശ്വാസം ലഭിക്കുന്നുണ്ടായിരുന്നു. ഒറ്റക്ക് പോകാന്‍ താല്‍പര്യവുമുണ്ടായിരുന്നില്ല. അവന്‍ കൂടെയുണ്ടെങ്കില്‍ നല്ലതാണെന്ന് കരീനയ്ക്കും തോന്നിയിരിക്കണം. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് നന്നായെന്ന് തോന്നുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അവന്‍ എന്റെ കൂടെ വേണമായിരുന്നു.''

''എന്റെ കൂടെ വരണമെന്ന് അവനും തോന്നി'' എന്നാണ് സെയ്ഫ് പറയുന്നത്. അതേസമയം, ജനുവരി 21ന് ആണ് സെയ്ഫ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്. എന്നാല്‍ നട്ടെല്ലിന് അടക്കം പരിക്കേറ്റ സെയ്ഫ് ആശുപത്രിയില്‍ നിന്നും നടന്നു പോയത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. സെയ്ഫിന് ലഭിച്ച ഇന്‍ഷുറന്‍സ് തുകയും ചര്‍ച്ചയായിരുന്നു.

Tags:    

Similar News